എറണാകുളം:പേവിഷബാധയെ കുറിച്ചും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പുകളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതിനുമായി ആശ പ്രവർത്തകർ ക്കുവേണ്ടി വെബിനാർ സംഘടിപ്പിച്ചു.

പേവിഷബാധയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും ലോകമെമ്പാടുമുള്ള പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 2030 ഓടെ മനുഷ്യരിൽ പേവിഷബാധ മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുളള പ്രവർത്തനങ്ങളുടെ പുരോഗതി പങ്കിടുന്നതിനുമായി സെപ്തംബർ 28 ലോക പേവിഷബാധാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്‌ വെബിനാർ സംഘടിപ്പിച്ചത്‌. പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനായി ഒന്നിക്കൂ, പ്രതിരോധകുത്തിവയ്പിലൂടെ പേവിഷബാധ തടയു എന്നതാണ് ഈ വർഷത്തെ സന്ദേശം.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ജില്ലാ സർവ്വലൻസ് ഓഫീസർ (2) ഡോ. വിനോദ് പൗലോസ്‌, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിലെ ഡോ.രശ്മി, വെറ്റിനറി സർജൻ ഡോ. ഐശ്വര്യ എന്നിവർ ക്ലാസ്സ്‌ എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ്‌ (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ല മൃഗസംരക്ഷണവകുപ്പ്‌ എന്നിവ സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

മൃഗങ്ങളിൽ നിന്നും മനുഷരിലേക്ക് പകരുന്ന ഏറ്റവും ഭീതിജന്യമായ രോഗമാണ് പേവിഷബാധ. ഇത് ഒരു വൈറസ് രോഗമാണ്. വളർത്തുമൃഗങ്ങളിൽ നിന്നാണ് സാധാരണ രോഗപകർച്ച ഉണ്ടാകുന്നത്. വന്യമൃഗങ്ങളായ ചെന്നായ, കുറുക്കൻ, കുരങ്ങൻ, പന്നി, വവ്വാലുകൾ എന്നിവയിൽ നിന്നുമാണ് വളർത്തു മൃഗങ്ങൾക്ക് രോഗ പകർച്ച ഉണ്ടാകുന്നത്.

രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകൾ മൃഗങ്ങളുടെ നക്കൽ കൊണ്ടോ മാന്ത്, കടി എന്നിവമൂലമുണ്ടായ മുറിവിൽ കൂടിയോ ശരീരപേശികൾ ക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീ വ്യൂഹത്തിൽ കൂടി സഞ്ചരിച്ച് സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള (incubation period) രണ്ടാഴ്ച മുതൽ മൂന്നുമാസം വരെ ആകാം. തലവേദന, തൊണ്ടവേദന മൂന്നുനാല് ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാൽ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു. തലച്ചോറിനെ ബാധിക്കുന്നതോടുകൂടി അപസ്മാരം, പക്ഷാഘാതം, മസ്തിഷ്ക മരണം ഇവ സംഭവിക്കാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ മരണം സുനിശ്ചിതമാണ്. എന്നാൽ കടിയേറ്റ ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ്പ്എടുക്കുക വഴി പേവിഷബാധയും മരണവും ഒഴിവാക്കാം.

മൃഗങ്ങളുടെ ഉമിനീരുമായി സമ്പർക്കം ഉണ്ടായാൽ ഉടൻ തന്നെ ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് 10-15 മിനിട്ടെങ്കിലും കഴുകുക. ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രികളിലെത്തി ചികിത്സ തേടുക. മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. മീറ്റിങ്ങിൽ എല്ലാ പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റിയിൽ നിന്നുമുള്ള ആശ പ്രവർത്തകർ പങ്കെടുത്തു. ദേശീയ പേവിഷബാധ നിയന്ത്രണപരിപാടിയുടെ ഭാഗമായാണ്‌ വെബിനാർ സംഘടിപ്പിച്ചത്‌.