ദേശീയ വിദ്യാഭ്യാസ നയത്തെ അധികരിച്ച് നെഹ്‌റു യുവകേന്ദ്ര ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച വെബിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട പഞ്ചായത്തീരാജ് സംവിധാനം വഴി വിദ്യാഭ്യാസ രംഗത്ത് കുതിച്ച് ചാട്ടമാണ് നടക്കുന്നതെന്നും വിദ്യാഭ്യാസ നയത്തിലെ പല മാര്‍ഗ നിര്‍ദ്ദേശങ്ങളും ഫലപ്രദമായി നടപ്പാക്കി വിജയിപ്പിച്ചതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍ വിഷയാവതരണം നടത്തി. നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞുമുഹമ്മദ് അധ്യക്ഷയായി. ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ സെമിനാര്‍ നിയന്ത്രിച്ചു.