എറണാകുളം : വലിയവട്ടം ദ്വീപിനെ ഞാറക്കൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ നിർവഹിച്ചു. വൈപ്പിൻ എം. എൽ. എ. എസ്. ശർമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി പൊതുമരാമത്തു വകുപ്പാണ് പാലത്തിന്റെയും റോഡിന്റെയും നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. പാലത്തിന്റെ നിർമാണത്തോടു കൂടി വലിയവട്ടം ദ്വീപിൽ ടൂറിസം ഉൾപ്പടെയുള്ള വ്യവസായങ്ങളുടെ വളർച്ച സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.71 കോടി രൂപയാണ് പാലത്തിന്റെയും റോഡിന്റെയും നിർമാണ ചെലവ്.
ചടങ്ങിൽ കളക്ടർ എസ്. സുഹാസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ജോഷി, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ. പി ഷിബു, ജില്ലാ പഞ്ചായത്ത് അംഗം റോസ്മേരി ലോറൻസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡെയ്സി തോമസ്, പഞ്ചായത്തംഗം മണി സുരേന്ദ്രൻ, പി. ഡബ്ല്യൂ. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എ സുരേഷ്കുമാർ, ജിഡ ടൗൺ പ്ലാനർ ആർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.