*കുട്ടനാട് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം കിഫ്‌ബി വഴി നടപ്പാക്കും
ആലപ്പുഴ : വേനൽകാലത്തും മറ്റും വെള്ളത്തിനായി കഷ്ടപ്പെടുന്നവർക്ക് വർഷം മുഴുവൻ വെള്ളം ലഭ്യമാക്കാനാണ് ജലജീവൻ മിഷനിലൂടെ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
. ഗ്രാമീണ വീടുകളിലേക്ക് ടാപ്പുകൾ വഴി കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ അമ്പലപ്പുഴ, മണ്ണഞ്ചേരി, തണ്ണീർമുക്കം, കായംകുളം എന്നിവിടങ്ങളിൽ പ്രാദേശികമായി പരിപാടികൾ നടത്തി.
16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനാണ് പദ്ധതി.
ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
716 പഞ്ചായത്തുകളിൽ 4343 കോടിയുടെ പദ്ധതികൾക്കാണ് ജലജീവൻ മിഷനിലൂടെ ഭരണാനുമതി നൽകിയിട്ടുള്ളത്. 564 പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നിലവിലുള്ള ശുദ്ധജല പദ്ധതിയുടെ ശേഷി വർധിപ്പിച്ചും, ചില പദ്ധതികൾ ദീർഘിപ്പിച്ചും, ചിലതിന്റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാർഹിക കണക്ഷനുകൾ നൽകുന്നത്.
പദ്ധതിയുടെ രണ്ടാംഘട്ടം 586 വില്ലേജുകളിൽ 380 പഞ്ചായത്തുകളിലും, 23 ബ്‌ളോക്ക് പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം എത്രയും പെട്ടെന്ന് ലഭിക്കാനാണ് അവർക്ക് മുൻതൂക്കമുള്ള ചില വില്ലേജുകളെ ആദ്യഘട്ട പദ്ധതിയിൽതന്നെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ജലജീവൻ മിഷന്റെ ഭാഗമായി ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണ്. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി, കൊല്ലം കുടിവെള്ള പദ്ധതി വിപുലീകരണം, കൊയിലാണ്ടി കുടിവെള്ള പദ്ധതി, നെയ്യാർ ഡാം ബദൽ സ്രോതസാക്കിയുള്ള ജലവിതരണ പദ്ധതി, കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
ജല ജീവൻ മിഷന്റെ അമ്പലപ്പുഴ ഉദ്ഘാടനം പൊതുമരാമത്ത് -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2023-24 ഓടുകൂടി ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജല – ജീവൻ പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ അമ്പലപ്പുഴ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾക്ക് വലിയ പ്രയോജനമാണ് ഉണ്ടാവുക.
ജില്ലയിലെ കുടിവെള്ള പ്രശ്നത്തിൽ മാത്രമല്ല, തോട്ടപ്പള്ളി പൊഴി -മുറിക്കൽ അടക്കമുള്ള കാര്യങ്ങളിൽ ജലസേചന വകുപ്പ് സ്വീകരിച്ചത് നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളാണ്. കിഴക്ക് നിന്നും എത്തുന്ന പ്രളയ ജലം വേഗത്തിൽ ഒഴുകി മാറാൻ തോട്ടപ്പള്ളി പൊഴിയുടെ ആഴവും വീതിയും വർദ്ധിപ്പിച്ചതോടെ സാധ്യമായി.
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾക്ക് ജലജീവൻ പദ്ധതിയുടെ പ്രയോജനം ലഭ്യമാവും. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലാകെ 49237 വീടുകളാണുള്ളത്. ഇതിൽ 21065 വീടുകൾക്ക് നിലവിൽ വാട്ടർ കണക്ഷൻ ഉണ്ട്. ബാക്കിയുള്ള 28172 വീടുകളിൽ 2021 തന്നെ കണക്ഷൻ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ. ആർ കണ്ണൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ദേവി, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ. ഷീജ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴ മണ്ഡലതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് നിർവ്വഹിച്ചു. എല്ലാ വീടുകളിലും സുരക്ഷിതമായ രീതിയിൽ കുടിവെള്ളം എത്തിക്കാൻ ജല ജീവൻ മിഷനിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാൻ ജലവിഭവ വകുപ്പും, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ദ്രുതഗതിയിൽ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ എ. എം ആരീഫ് എം.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജുനൈനത്ത്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം. എസ് സന്തോഷ്, വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ടി. വി ലേഖ, ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി.
ചേർത്തല മണ്ഡലതല ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവ്വഹിച്ചു. ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതോടെ ചേർത്തല നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ പല പ്രദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. അത്തരം ആരോഗ്യപ്രശ്നങ്ങൾക്കും പൂർണ പരിഹാരം കണ്ടെത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും. 2021 അവസാനിക്കും മുൻപ് തന്നെ ചേർത്തല മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ലക്ഷ്യം തീവ്രയജ്ഞ പരിപാടിയായി ഏറ്റെടുത്ത് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥൻ അധ്യക്ഷത വഹിച്ചു. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുധര്‍മ്മ സന്തോഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ രമാമദനന്‍, ബിനിത മനോജ്, കെ ജെ സെബാസ്റ്റ്യൻ, സനില്‍നാഥ്, സാനു സുധീന്ദ്രന്‍, രമേശ് ബാബു, ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ വി കെ പ്രകാശൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ആർ മനീഷ്, അസിസ്റ്റന്റ് എൻജിനീയർ പി കെ ശശി തുടങ്ങിയവർ പങ്കെടുത്തു.
കണ്ടല്ലൂർ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ കായംകുളം എംഎൽഎ യു. പ്രതിഭ അധ്യക്ഷത വഹിച്ചു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം 869 കുടുംബങ്ങൾക്കാണ് പദ്ധതി പ്രകാരം പൈപ്പ് ലൈൻ കണക്ഷൻ ലഭ്യമാക്കുക. അച്ഛൻകോവിലാറ്റിൽ നിന്നും ശുദ്ധീകര പ്ലാന്റിലെത്തിച്ചു ശുദ്ധീകരിക്കുന്ന വെള്ളം പൈപ്പ് ലൈൻ വഴിയാണ് വിതരണം ചെയ്യുക.
കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി രഞ്ജിത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു