എറണാകുളം: ജില്ലയിൽ ഖരമാലിന്യ പരിപാലനത്തിൽ മികവുറ്റ പ്രവർത്തങ്ങൾ നടത്തിയ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ പദവി പുരസ്‌കാരം നേടി.5 നഗര സഭകൾക്കും 27 ഗ്രാമ പഞ്ചായത്തുകൾക്കും ഒരു ബ്ലോക്ക് പഞ്ചായത്തിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുരസ്കാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഒരേ സമയം വിവിധയിടങ്ങളിലായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും ശുചിത്വ പദവി നേടി, ബ്ലോക്കിനെ ശുചിത്വ ബ്ലോക്കായി പ്രഖ്യാപിച്ചു.

വടക്കൻ പറവൂർ, ഏലൂർ, പിറവം, കോതമംഗലം, ആലുവ നഗരസഭകളും, 27 ഗ്രാമ പഞ്ചായത്തുകളുമാണ് ജില്ലയിൽ ശുചിത്വ പദവിയിലേക്ക് ഉയർന്നത്.

സംസ്ഥാന തലത്തിൽ ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ച ചടങ്ങിനോട് അനുബന്ധിച്ചാണ് ജില്ലയിലെ ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്
പുരസ്‌ക്കാര വിതരണം നടത്തിയത്.

ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, മഹാത്മഗാന്ധി തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിയ്ക്കായി തെരഞ്ഞെടുത്തത്.

ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യസംസ്കരണത്തിന് ഹരിത കർമ്മസേനയുടെ സേവനവും മെറ്റീരിയൽ ഫെസിലിറ്റി സെന്ററും ഒരുക്കുക, പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാക്കുക, സർക്കാർ ഓഫീസുകളിലും, പൊതുചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുക തുടങ്ങിയ 20 നിബന്ധനകൾ സൂചകമായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് അനുസരിച്ചാണ് ശുചിത്വ പദവി നിർണ്ണയം നടത്തിയത്. ഇതിനായി ജില്ലാ കളക്ടർ നിയോഗിച്ച സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിൽ പരിശോധിച്ച് സ്കോർ രേഖപ്പെടുത്തിയാണ് വിലയിരുത്തൽ നടത്തി. 100 ൽ 60 മാർക്ക് നേടിയവരെയാണ് ശുചിത്വ പദവിയ്ക്കായി തിരഞ്ഞെടുത്തത്.

കുമ്പളങ്ങിയിൽ ഹൈബി ഈഡൻ എം.പി,പള്ളിപ്പുറത്ത് എസ് ശർമ്മ എം എൽ എ , കോതമംഗലത്ത് ആന്റണി ജോൺ എം എൽ എ, ചോറ്റാനിക്കരയിൽ അനൂപ് ജേക്കബ് എം എൽ എ, പിറവത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കീഴ്മാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, ആമ്പല്ലൂരിൽ കൊച്ചിൻ പ്രൊ വൈസ് ചാൻസലർ ഡോ പി.ജി ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിവർ വിവിധ ഇടങ്ങളിലെ പരിപാടികളിൽ മൊമന്റോയും സർട്ടിഫിക്കറ്റും വിതരണം നടത്തി. നഗരസഭ / ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷൻമാരും, സെക്രട്ടറിമാരും പുരസ്‌കാരം ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ ട്രീസ ജോസ്, അസി. ഡെവലപ്‌മെന്റ് കമ്മീഷണർ ശ്യാമ ലക്ഷ്മി, അസി ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ .ജെ .ജോയ് ,ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ , ശുചിത്വ മിഷൻ ജില്ലാ കോർ ഡിനേറ്റർ പി എച്ച് ഷൈൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.