നവീകരിച്ച മട്ടാഞ്ചേരി കരിപ്പാലം മൈതാനം പൊതുജനങ്ങള്‍ക്ക് തുറന്നു നല്കി

കൊച്ചി: ആളുകള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പൊതുഇടങ്ങള്‍ അത്യാവശ്യമാണെന്ന്് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍. മട്ടാഞ്ചേരിയിലെ നവീകരിച്ച കരിപ്പാലം മൈതാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത ജാതി വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ക്ക് ഒരുമിച്ച് ഇരിക്കാനുള്ള ഇടങ്ങള്‍ സമൂഹത്തില്‍ കുറയുകയാണ്. മൈതാനങ്ങളിലെ ആരവങ്ങളും ആര്‍പ്പുവിളികളും മായുന്നതോടെ കൃത്രിമമായ ഗൗരവം ജീവിതത്തെ സ്പര്‍ശിച്ചു തുടങ്ങി. അനൈക്യം, അസഹിഷ്ണുത തുടങ്ങിയവ വളരുകയും ചെയ്തു. ഇതൊഴിവാക്കാനായി പൊതു ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

കെ ജെ മാക്‌സി എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ചരിത്രപരമായ പ്രാധാന്യമുള്ള കരിപ്പാലം മൈതാനം സംരക്ഷിക്കാന്‍ പൊതുജനങ്ങളും മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ യോഗത്തില്‍ സംസാരിച്ചു. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍മാരായ ബിന്ദു ലെവിന്‍, ശ്യാമള എസ് പ്രഭു, സീനത്ത് റഷീദ്, സനീഷ, ബെന്നി ഫെര്‍ണാണ്ടസ്, ഷെമീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദേ്യാഗസ്ഥര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.