• കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കി
ആലപ്പുഴ: പൊതു ഗതാഗതരംഗത്ത് സംസ്ഥാനം കടന്നുപോയത് വലിയ നേട്ടങ്ങളിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,864 കോടി രൂപയുടെ റോഡ് നവീകരണവും പുരോഗമിച്ചു വരികയാണ്. നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് ആലപ്പുഴ കൈതവനയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.
പ്രളയകാലത്ത് തകർന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിന് വേണ്ടി 1883 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതികൾ തടസ്സമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ ശ്രദ്ധിക്കുന്നു. നബാർഡിന്റെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാൻ സർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 9530 കിലോമീറ്ററോളം റോഡുകൾ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കി. 1451 കോടി രൂപ മുതൽ മുടക്കി 189 റോഡുകൾ മൂന്നുമാസത്തിനകം സംസ്ഥാനത്ത് ഗതാഗതത്തിന് തുറക്കുകയാണ്. 158 കിലോമീറ്റർ കെ എസ് ടി പി റോഡ്, കുണ്ടന്നൂര്‍, വൈറ്റില ഫ്ലൈ ഓവര്‍ ഉള്‍പ്പടെ21 പാലങ്ങള്‍, 671 കോടിയുടെ കിഫ്ബി പദ്ധതികള്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. കോവളം-ബേക്കല്‍ ജലപാതയും ഉടന്‍ ഗതാഗത യോഗ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസന-ക്ഷേമ കാര്യങ്ങളിൽ സമാനതകളില്ലാതെയാണ് കേരളം മുന്നോട്ടുപോകുന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത, സൗജന്യ കിറ്റ് വിതരണം, കുട്ടികൾക്ക് ഓൺലൈൻ പഠന സാമഗ്രികൾ ലഭ്യമാക്കൽ, ക്ഷേമപെൻഷനുകൾ വർധിപ്പിച്ചു നൽകൽ തുടങ്ങിയവയെല്ലാം പാവപ്പെട്ടവരെ ഈ സര്‍ക്കാര്‍ എത്രത്തോളം കരുതുന്നു എന്നതിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
എ. സി. റോഡിനെ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതിനായി റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്തുവാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയ്യെടുക്കുകയായിരുന്നു. നവീകരിക്കുന്ന റോഡിനും ഫ്ലൈ-ഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റർ വീതിയുള്ള രണ്ടു വരി പാതയും ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 13 മീറ്റർ മുതൽ 14 മീറ്റർ വരെ വീതിയുണ്ടാകും. 20 കിലോമീറ്ററില് മൂന്നുതരത്തിലുള്ള നിര്‍മാണ രീതിയാണ് അവലംബിക്കുന്നത്. ഒന്നാമത്തേത് 2.9 കി. മി, ബി. എം, ബി. സി. മാത്രം ചെയ്ത് റോഡ് ഉയർത്തുന്നതും രണ്ടാമത്തേത് 8.27 കി. മി. ജീയോടെക്സ്റ്റൈൽ ലെയർ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തേത് 9 കി. മി. ജിയോ ഗ്രിഡും കയർ ഭൂവസ്ത്രത്താൽ എൻകേസ് ചെയ്ത സ്റ്റോൺകോളവും ഉപയോഗിച്ചുളള ബലപ്പെടുത്തലുമാണ് അവലംബിച്ചിരിക്കുന്നത്.
എല്ലാവർഷവും മൺസൂൺ സമയത്ത് റോഡിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന് അഞ്ച് സ്ഥലങ്ങളില്‍ ഫ്ലൈ ഓവർ നിര്‍മിക്കും. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജംഗ്ഷനും ഇടയിൽ 370 മീറ്ററും മങ്കൊമ്പ് ജംഗ്ഷനും മാങ്കാവ് കലുങ്കിനും ഇടയിൽ 440 മീറ്ററും മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതിജംഗ്ഷനും പറശ്ശേരി പാലത്തിനും ഇടയിൽ 260 മീറ്ററും പൊങ്ങ കലുങ്കിനും പണ്ടാരക്കളത്തിനും ഇടയിൽ 485 മീറ്ററും നീളത്തിലാണ് ഫ്ലൈ ഓവറുകൾ ക്രമീകരിക്കുക. ഫ്ലൈ ഓവറുകളുടെ നീളം 1.785 കിലോമീറ്റർ ആണ്.
എ സി റോഡില്‍ കുറച്ച് ദൂരത്തില്‍ മാത്രം വെളളപ്പൊക്കമുണ്ടായ ഭാഗങ്ങളില്‍ നിലവിലെ റോഡ് അധികം ഉയര്‍ത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി ഒമ്പത് സ്ഥലങ്ങളില്‍ കോസ്-വേ നല്‍കിയിട്ടുണ്ട്. റോഡ് നവീകരിക്കുന്നതിന് മെയിന്റനന്‍സ് തുക ഉൾപ്പെടെ 671.66 രൂപയാണ് ചെലവ് വരുന്നത്. പൂർത്തീകരണത്തിന് 30 മാസം സമയ പരിധിയാണ് കണക്കാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. 2018ലെ പ്രളയത്തിന് ശേഷം 11 കോടി രൂപ ചെലവഴിച്ച് എ. സി റോഡിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുകയും ഏഴുമീറ്റര്‍ വീതിയില്‍ കളര്‍കോട് മുതല്‍ പെരുന്ന വരെ ബി.സി. ഓവര്‍ലേയും ചെയ്തതായും ഇപ്പോള്‍ റോഡ് മികച്ച രീതിയിലാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇനിയൊരു വെള്ളപ്പൊക്കം ഇതിനെ ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ഏറ്റവും മികച്ച നിര്‍മാണങ്ങളിലൊന്നായിരിക്കും എ.സി.റോഡെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, കെ.എസ്.ടി.പി.ചീഫ് എന്‍ജിനിയര്‍ ഡാര്‍ലിന്‍ കാര്‍മലിറ്റ ഡിക്രൂസ്, ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനിയര്‍ എസ്.മനോമോഹന്‍, നിരത്ത് വിഭാഗം ചീഫ് എന്‍ജിനിയര്‍ അജിത്ത് രാമചന്ദ്രന്‍, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി.വിനു, കയര്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.