ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ്‌ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച കെ ജയചന്ദ്രന്‍ അനുസ്മരണ സെമിനാറും പുരസ്‌കാര സമര്‍പ്പണവും കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വയനാട് പ്രസ് ക്‌ളബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എം. കമല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മാധ്യമ ലോകത്തെ കടുത്ത മത്‌സരത്തിന്റെ ഫലമായി സെന്‍സേഷണല്‍ വാര്‍ത്തകള്‍ മാത്രം നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയാണെന്ന് അവാര്‍ഡ് സമ്മാനിച്ച് സംസാരിച്ച മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ത്രസിപ്പിക്കുകയും അതിലൂടെ വരുമാനമുണ്ടാക്കുകയും ചെയ്യുന്ന കച്ചവട സമീപനം അപകടകരമാണ്. മാധ്യമ പ്രവര്‍ത്തനം വ്യവസായമായി കാണാനാവില്ല. സാമൂഹ്യ പ്രവര്‍ത്തനവും സാമൂഹ്യ ഉത്തരവാദിത്തവുമായി അത് മാറുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാവുകയെന്ന് മന്ത്രി പറഞ്ഞു.
വയനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളും ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളും ഒരു കാലത്ത് ജയചന്ദ്രനിലൂടെയാണ് കേരളം അറിഞ്ഞത്. അത്തരം പ്രശ്‌നങ്ങള്‍ ഇന്നുമുണ്ട്. മണവാട്ടി തവളകളും മണ്ണിരകളും കൂട്ടത്തോടെ ചാവുന്നത് ഒരു മുന്നറിയിപ്പാണ്. വയനാടിനുള്ള മരണവാറണ്ടാണത്. അതിനെതിരെ ഏവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ ജയചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിച്ച പ്രൊഫ. കല്‍പ്പറ്റ നാരായണന്‍ പത്രപ്രവര്‍ത്തകന്റെ യോഗ്യത മാറ്റി മറിച്ചയാളാണ് ജയചന്ദ്രനെന്ന് പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് അത്ര അത്യാവശ്യമല്ലാത്ത മനുഷ്യത്വവും നര്‍മ ബോധവും വേണ്ടതിലധികം അദ്ദേഹത്തിനുണ്ടായിരുന്നു. കണ്ടീഷന്‍ഡ് അല്ലാത്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കേരളത്തിന്റെ വാര്‍ത്തകളുടെ ഉറവിടമായി അദ്ദേഹം വയനാടിനെ മാറ്റി. തിന്‍മയും ചൂഷണവും പ്രതിപാദിക്കപ്പെട്ട അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ ഓരോ ദിവസവും കേരളത്തെ നടുക്കിക്കൊണ്ടിരുന്നു.
കേരളത്തില്‍ ആള്‍ക്കൂട്ടം അതിഭീകരമായും ക്രൂരമായും പെരുമാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലമാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു. ഏതു പാര്‍ട്ടിയാണോ ഈ ആള്‍ക്കൂട്ടാത്തിന് കൂടുതല്‍ ഇടം നല്‍കുന്നത് അവര്‍ ശക്തിപ്പെടുന്നു. വയലന്‍സിന് അവസരം നല്‍കുകയെന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. തങ്ങളുടേതായ സ്വത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ആദിവാസികള്‍ ഇവിടെ അരക്ഷിതരായി തുടരുന്നത്. ഈ നില തരണം ചെയ്യുമ്പോള്‍ മാത്രമേ അവര്‍ക്ക് ന്യൂനപക്ഷങ്ങളെപ്പോലെ സാമൂഹ്യ സ്വീകാര്യത ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് രമേശ്എഴുത്തച്ഛന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. പി. അബ്ദുള്‍ ഖാദര്‍ ആമുഖ പ്രഭാഷണം നടത്തി. വിവിധ അവാര്‍ഡുകള്‍ നേടിയ ജെയ്‌സണ്‍ മണിയങ്ങാട്, എന്‍ എസ് നിസാര്‍, സന്തോഷ്പിള്ള, ഷമീര്‍മച്ചിങ്ങല്‍, ഇല്ല്യാസ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എം കമല്‍, ആര്‍ കെ ജയപ്രകാശ്, കെ എ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പി ഒ ഷീജ സ്വാഗതവും അനില്‍ എം ബഷീര്‍ നന്ദിയും പറഞ്ഞു.