ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കാന്‍ ധാരണയായി. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഒക്ടോബര്‍ 18 മുതല്‍ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജ്‌സറ്റര്‍ ചെയ്ത ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ ബോട്ടിലേക്കെത്താന്‍ പാടുള്ളൂ.
പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി എന്നീ രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാവും ഹൗസ് ബോട്ടുകളുടെ പ്രവര്‍ത്തനം. ഒരു ബോട്ടില്‍ പരമാവധി പത്ത് പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. ഒരു മുറിയില്‍ രണ്ട് പേര്‍ക്ക് താമസിക്കാം. രാവിലെ ഒന്‍പതിനും വൈകിട്ട് അഞ്ചിനുമിടക്ക് ബോട്ടികളിലെ ചെക്കിന്‍- ചെക്കൗട്ട് എന്നിവ നടത്തണം. ഒരോ യാത്രക്ക് ശേഷവും ബോട്ടുകള്‍ അണുവിമുക്തമാക്കണം. വിനോദസഞ്ചാരികളുടെ ശരീര താപനില പരിശോധിച്ച് ലഗേജ് ഉള്‍പ്പടെ അണുവിമുക്തമാക്കിയ ശേഷം മാത്രമേ ബോട്ടിലേക്ക് പ്രവേശനം നല്‍കൂ. ബോട്ടുകളില്‍ കോവിഡ് ജാഗ്രത ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
ബോട്ടിലെ ജീവനക്കാര്‍ വിനോദസഞ്ചാരികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. യാത്രക്കാര്‍ ഡ്രൈവറുടെ സമീപത്തേക്ക് എത്താതിരിക്കാന്‍ പ്രത്യേകം വേര്‍ത്തിരിക്കാനും നിര്‍ദ്ദേശം നല്‍കി. വിനോദസഞ്ചാരികള്‍ക്കുള്ള വില്ലേജ് വാക്ക് ഉള്‍പ്പടെയുള്ളവ പാടില്ല. ഹൗസ് ബോട്ടുകളില്‍ കരുതാം ആലപ്പുഴയെ എന്ന പദ്ധതിയുടേയും ബ്രേക്ക് ദി ചെയിന്‍ ബാനറുകളും സ്ഥാപിക്കണം. ഹൗസ് ബോട്ടുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ടൂറിസം ഉപഡയറക്ടറെ കളക്ടര്‍ ചുമതലപ്പെടുത്തി. യോഗത്തില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഹൗസ് ബോട്ടുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ടൂറിസം വകുപ്പ് അധകൃതര്‍ ഉറപ്പാക്കണം. പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക സക്വാഡിനെയും ജില്ലാകളക്ടര്‍ നിയോഗിക്കും.