കൊച്ചി: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചരിത്ര പൈതൃക ബോധന യാത്ര ജില്ലയില്‍ പര്യടനം നടത്തി. പൊതുജനങ്ങളിലും കോളേജ് വിദ്യാര്‍ഥികളിലും കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചും രേഖാ പൈതൃകത്തെക്കുറിച്ചും ആര്‍ക്കൈവ്‌സ് വകുപ്പിന്റെ് സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി, ‘പഴമയുടെ പുതുമ എന്റെ പെരുമ’ എന്ന പേരില്‍ നടത്തുന്ന യാത്രയുടെ ജില്ലയിലെ ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജില്‍ കവിയും കോളേജിലെ മലയാളം വിഭാഗം തലവനുമായ എസ്. ജോസഫ് നിര്‍വഹിച്ചു. മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗം തലവന്‍ ഡോ. ആര്‍. ശ്രീകുമാര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു .
‘കിറ്റി ഷോ’ മാതൃകയില്‍ വിനോദ് നരനാട്ട് മലയാള ഭാഷയുടെ ചരിത്രത്തെകുറിച്ചും, ആര്‍ക്കൈവ്‌സ് വകുപ്പിനെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വിവരിച്ചു. കോളേജ് വിദ്യാര്‍ഥികളും അദ്ധ്യാപകരും ആര്‍ക്കൈവ്‌സ് വകുപ്പിലെ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. എറണാകുളം മേഖലാ ആര്‍ക്കൈവ്‌സിലെ സൂപ്രണ്ട് പി. കെ. സജീവ്ധ അസിസ്റ്റന്റ് ആര്‍ക്കിവിസ്റ്റ് ഗ്രേഡ്-1 എ. എ. അബ്ദുള്‍ നാസര്‍ധ തുടങ്ങിയവര്‍ സംസാരിച്ചു. ഫോര്‍ട്ടു കൊച്ചിയില്‍ വൈകീട്ട് നടന്ന പരിപാടി പ്രൊഫസര്‍ കെ. വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു.