പാലക്കാട്:  പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യമേഖലയക്കായി വലിയ ഫണ്ട് വിനിയോഗിച്ച് ആശുപത്രി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന മറ്റു സംസ്ഥാനങ്ങള്‍ പരിമിതമാണെന്ന് എം.എല്‍.എ പറഞ്ഞു. ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ലാബ്, ഫാര്‍മസി, ഒ.പി, രോഗികള്‍ക്ക് കാത്തിരിപ്പിനുള്ള ഇടം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളാണ് ഉറപ്പാക്കിയിരിക്കുന്നത്. നിലവില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനമുണ്ട്. പൂക്കോട്ടുകാവ് പഞ്ചായത്ത് പരിധിയില്‍ വരുന്ന 14,000 ത്തിലധികം ജനങ്ങള്‍ക്കാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുക.