എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിൽ കുക്കുംബർ കൃഷിയിൽ വൻ മുന്നേറ്റം. രണ്ട് വർഷം മുൻപ് കർഷകനായ രമേശൻ തുണ്ടത്തിൽ വഴി തുടക്കം കുറിച്ച സ്നോ വൈറ്റ് കുക്കുംബർ കൃഷിയാണ് ഇപ്പോൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്തു വരുന്നത്. ഒരു വർഷം മുൻപ് കൃഷി വകുപ്പിൻ്റെ പ്ലാസ്റ്റിക് മൾചിംഗ് വിത്ത് ഫെർട്ടിഗേഷൻ എന്ന പദ്ധതിയിലൂടെയാണ് അൻപത് സെൻ്റ് സ്ഥലത്ത് ചേന്ദമംഗലം കൃഷിഭവൻ്റെ സഹായത്തോടെ രമേശൻ കൃഷി ആരംഭിച്ചത്. ആദ്യ കൃഷിയിൽ തന്നെ നാല് ടണ്ണോളം കുക്കുംബർ വിളവെടുക്കാൻ സാധിച്ചു. പിന്നീട് സ്നോവൈറ്റ് എന്ന പേരിൽ പത്ത് പേരടങ്ങുന്ന ഒരു പുരുഷ ഗ്രൂപ്പ് ഉണ്ടാക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു. എല്ലാ അംഗങ്ങളും അറുപത് വയസിന് മുകളിൽ ഉള്ളവരാണ്. അവിടെ നിന്നും ആദ്യ വിളവെടുപ്പിൽ മൂന്ന് ടണ്ണും അടുത്ത തവണ രണ്ട് ടണ്ണും കുക്കുംബർ ഉത്പാദിപ്പിച്ചു.
വിളവെടുക്കുന്ന കുക്കുംബർ ചേന്ദമംഗലം കൃഷിഭവൻ്റെ ഇക്കോ ഷോപ്പിലും സർവീസ് സഹകരണ ബാങ്കുകളായ വടക്കേക്കര, ചെറായി, പള്ളിപ്പുറം എന്നിവിടങ്ങളിലും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മേത്തല എന്നിവിടങ്ങളിലുമായി വിൽപ്പന നടത്തി വരികയാണ്. പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും എല്ലാവിധ സഹായങ്ങളും കർഷകർക്ക് ലഭിക്കുന്നുണ്ട്. കുക്കുംബർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിച്ചു.