എറണാകുളം : ഇടപ്പള്ളി -മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പുരോഗമിക്കുന്നു. വടക്കെക്കര, നോർത്ത് ഇടപ്പള്ളി വില്ലേജുകളിലെ സർവ്വേ നിലവിൽ പൂർത്തിയായി.
ആലങ്ങാട് വില്ലേജിൽ 80 ശതമാനവും ചേരാനെല്ലൂരിൽ 60 ശതമാനവും മൂത്തകുന്നം വില്ലേജിൽ 90 ശതമാനവും സർവ്വേ പൂർത്തിയായിട്ടുണ്ട്. ഈ വില്ലേജുകളിലെ സർവ്വേ പൂർത്തിയാവുന്ന മുറക്ക് പറവൂർ, വരാപ്പുഴ, കൊട്ടുവള്ളി വില്ലേജുകളിലെ സർവ്വേ ആരംഭിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശിയ പാത വികസന അവലോകന യോഗത്തിലാണ് നിലവിലെ സ്ഥിതി വിലയിരുത്തിയത്. നവംബർ പകുതിയോടെ സർവ്വേ നടപടികൾ പൂർത്തിയാക്കി നവംബർ അവസാനത്തോടെ 3 ഡി പ്രസിദ്ധികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.