തരിശു ഭൂമികള്‍ കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞതിന്റെ ചാതിതാര്‍ത്ഥ്യത്തിലാണ് ഇളമ്പള്ളൂര്‍ ഗ്രാമം. ഹരിത കേരളം മിഷന്‍ ഉപമിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷനും കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് തരിശുരഹിത ഗ്രാമം എന്ന നേട്ടം ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിന് കൈവരിക്കാനായത്. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ തരിശുരഹിത പ്രഖ്യാപനം നടത്തി.
പദ്ധതിയുടെ ഭാഗമായി രണ്ട് പതിറ്റാണ്ടായി തരിശായി കിടന്നിരുന്ന 20 ഏക്കറോളം വിസ്തൃതിയുള്ള കരിപ്പുകളായികോണം പാടശേഖരം കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൃഷിയിറക്കുകയും നൂറുമേനി വിളവെടുക്കുകയും ചെയ്തു.
കൂടാതെ ഒരു ദശാബ്ദത്തിലേറെ തരിശായി കിടന്ന ഇളമ്പള്ളൂര്‍ പാടശേഖരത്തിലെ 25 ഏക്കറിലാണ് നെല്‍കൃഷി പുനരാരംഭിച്ചത്. ഇതിനുപുറമേ 20 വര്‍ഷമായി തരിശായി കിടന്ന 15 ഏക്കറിന് മുകളിലുള്ള കല്ലിങ്ങല്‍ പാടശേഖരത്തിലും കുളപ്ര പാടശേഖരത്തിലും കൃഷി ഇറക്കിയതോടെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് നെല്‍കൃഷിയില്‍ തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിച്ചു.