എറണാകുളം: ക്ഷയരോഗമുക്ത കേരളം പദ്ധതിയിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം കൊച്ചി കോർപ്പറേഷൻ കരസ്ഥമാക്കി. ഒരു വർഷമായി അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ക്ഷയരോഗം ഇല്ല എന്ന നേട്ടം കൈവരിച്ചതിനാണ് പുരസ്‌കാരം. സംസ്ഥാനത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി 2025 ഓടു കൂടി ക്ഷയരോഗ നിവാരണം എന്നതാണ് ലക്‌ഷ്യം. ആരോഗ്യവകുപ്പിനോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും നേതൃത്വത്തിൽ ക്ഷയരോഗത്തിന് എതിരെയുള്ള ജനകീയ മുന്നേറ്റമായാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കൊച്ചി കോർപ്പറേഷന് ലഭിച്ച ഈ പുരസ്‌കാരം ജില്ലാ ടി.ബി ഓഫീസർ ഡോക്ടർ ശരത് ജി റാവു കൊച്ചി മേയർ  സൗമിനി ജെയിനിനു കൈമാറി.