തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പിന്റെ അക്ഷയ കേരള പുരസ്കാരം. ക്ഷയരോഗ നിവാരണം, സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന ‘എൻ്റെ ക്ഷയരോഗമുക്ത കേരളം ‘ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ് നഗരസഭ ഈ നേട്ടം കരസ്ഥമാക്കിയത്.
നഗരസഭയ്ക്ക് കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ ടി ബി യൂണിറ്റ് നാല് നേട്ടങ്ങളാണ് കൈവരിച്ചത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തുടർച്ചയായി ഒരു വർഷം ക്ഷയരോഗമില്ല, ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടർച്ചയായി ഒരു വർഷം ഇല്ല, രോഗം കണ്ടെത്തിയ ആരും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചികിത്സ ഇടയ്ക്ക് വെച്ച്  നിർത്തിയില്ല എന്ന നേട്ടങ്ങളാണ് കൈവരിച്ചത്. കൂടാതെ നഗരസഭ പരിധിയിലെ വീടുകളിൽ  സർവ്വേയും സ്ക്രീനിങ്ങും പരിശോധനയും നടത്തി മികച്ച പ്രവർത്തനം കാഴ്ച വെച്ചു. സർവ്വേയ്ക്ക് ശേഷം വീടുകളിൽ ചെന്ന് നേരിട്ട് കഫം പരിശോധിച്ചാണ് ലാബിൽ പരിശോധന നടത്തി രോഗനിർണ്ണയം നടത്തിയത്. കോവിഡ് കാലത്ത് തെരുവിൽ അലഞ്ഞു നടക്കുന്നവർക്കായി നഗരസഭ ആരംഭിച്ച ക്യാമ്പിൽ നടത്തിയ പരിശോധനയിൽ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയെ കണ്ടു പിടിച്ച് വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാക്കി. രണ്ട് ലക്ഷം രൂപയോളം ചെലവ് വരുന്ന ചികിത്സയാണിത്.
ക്ഷയരോഗ നിർണ്ണയ – നിവാരണ രംഗത്ത് കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ്  പുരസ്കാരം നൽകിയത്. അവാർഡിന് അർഹത നേടിയ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷ്, ക്ഷയരോഗ വിഭാഗം യൂണിറ്റ് ട്രീറ്റ്‌മെന്റ് ഓർഗനൈസർ പി എ പിഞ്ചു, ലാബ് സൂപ്പർവൈസർ ജി എസ് ബിന്ദു, ഹെൽത്ത് വിസിറ്റർ ഇ എസ്. ജീവ എന്നിവരെ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ  ആശുപത്രിയിൽ എത്തി അഭിനന്ദിച്ചു.