എറണാകുളം: കോവിഡ് പ്രതിസന്ധികൾക്കിടയിലും ശ്രദ്ധേയമായി കുടുംബശ്രീയുടെ സാമൂഹ്യ മേളയും എറണാകുളം ജില്ല ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷവും. കോവിഡ് – 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 10 മുതൽ 17 വരെ ഓൺലൈനായിട്ടാണ് സാമൂഹ്യ മേള സംഘടിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി വെബിനാറുകളും പദ്ധതി അവതരണവും കുക്കറി ഷോയും കലാസന്ധ്യയും നടത്തി. കലാപരിപാടികൾ എല്ലാ ദിവസവും വൈകിട്ട് അഞ്ചുമണി മുതൽ ലൈവായി ഗൂഗിൾ മീറ്റിലൂടെയാണ് നടത്തിയത്. തൽസമയം യൂട്യൂബ് സ്ട്രീമിങ്ങ് സൗകര്യവും ഒരുക്കിയിരുന്നു.

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാന മിഷന്റെ സഹകരണത്തോടെ പ്രത്യേക ഓൺലൈൻ പോർട്ടലും രൂപകല്പന ചെയ്തു. കുടുംബശ്രീ പദ്ധതികളെ അറിയാം എന്ന സെഷനുകളിൽ മാർക്കറ്റിങ്, കൃഷി, മൃഗപരിപാലനം, സാമൂഹിക വികസന പദ്ധതികൾ, ജെൻഡർ, ഡിഡിയുജികെവൈ, എസ്‌വിഇപി, ട്രൈബൽ പദ്ധതികളെക്കുറിച്ച് അതാതു വിഭാഗത്തിന്റെ ചാർജ് വഹിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജർമാർ വിശദീകരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. ഓരോ പദ്ധതിയെയും കുറിച്ചുള്ള ക്വിസ് മത്സരങ്ങളും ഓരോ സെഷനു ശേഷം നടന്നു.

ലഹരി വിരുദ്ധ ദിനം, ബാലികാ ദിനം , അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം , അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനം എന്നിവയോടനുബന്ധിച്ച് പ്രത്യേക വെബിനാറുകൾ നടത്തി.

തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനങ്ങൾ, അവസരങ്ങൾ , സാമ്പത്തിക സാക്ഷര , കോവിഡും കുട്ടികളും , ഭക്ഷ്യ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം , ട്രൈബൽ പദ്ധതികളും ആനുകൂല്യങ്ങളും തുടങ്ങിയ വിഷയങ്ങളിലും വെബിനാറുകൾ സംഘടിപ്പിച്ചു.

27997 പേർ നേരിട്ടും 21766 പേർ ഇതുവരെ യൂറ്റൂബ് സ്ട്രീമിംഗ് വഴിയും വിവിധ ദിനങ്ങളിൽ സാമൂഹ്യ മേളയുടെ ഭാഗമായി.