വര്‍ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്തര്‍ദേശീയ പക്ഷാഘാത ദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങും കോട്ടയം ജനറല്‍ ആശുപത്രിയിലെ പക്ഷാഘാത ഐ.സി.യു, സി.സി.യു എന്നിവയുടെ പ്രവര്‍ത്തനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പകര്‍ച്ച വ്യാധികള്‍ക്കൊപ്പം ജീവിത ശൈലി രോഗങ്ങളും സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വ്യായാമവും ശുചിത്വവും ഉറപ്പാക്കി ഇത്തരം രോഗങ്ങളെ അതിജീവിക്കാന്‍ പരിശ്രമിക്കണം. ചിട്ടയായ വ്യായാമം ജീവിത രീതിയുടെ ഭാഗമാക്കേണ്ടത് അനിവാര്യമാണ്. പൊജുജനാരോഗ്യ സംരക്ഷണത്തിനായി ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു . തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. എന്‍.സി.ഡി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.ബിബിന്‍ ഗോപാല്‍ വിഷയം അവതരിപ്പിച്ചു.