വനിതാ കമ്മിഷന്റെ പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ റീജനൽ ഓഫിസുകൾ തുറക്കും. ഇതിനായി ബജറ്റിൽ 10 ലക്ഷം അനുവദിച്ചിരുന്നു. കോഴിക്കോട് മെയ് അവസാനം റീജനൽ ഓഫീസ് ആരംഭിക്കും. വൈകാതെ മറ്റു ജില്ലകളിലും ഓഫീസ് തുടങ്ങുമെന്ന് വനിതാ കമ്മിഷൻ അംഗം ഇ. എം. രാധ അറിയിച്ചു. റോഡിലേക്ക് മലിനജലം ഒഴുക്കുകയും പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചും പരിസരവാസികൾക്ക് ബുദ്ധിമുട്ടാണ്ടാക്കുന്നെന്ന പൊതുപരാതി വനിതാ കമ്മിഷൻ അന്വേഷിക്കും. വല്ലപ്പുഴ സ്വദേശിനിയായ വയോധികയ്ക്ക് എതിരേയാണ് നാട്ടുകാർ പരാതി നൽകിയത്. സ്ത്രീകളെ വില കുറച്ചു കാണുന്ന സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരണമെന്ന് വനിതാ കമ്മിഷൻ അംഗം ഇ. എം. രാധ അഭിപ്രായപ്പെട്ടു. വനിതാ കമ്മിഷനിൽ സമൂഹത്തിന് വിശ്വാസം കൂടിയതിന്റെ തെളിവാണ് രജിസ്റ്റർ ചെയ്യുന്ന കേസുകളിലെ വർധനവ്. പുറത്ത് പറയാൻ മടിക്കുന്ന പല കാര്യങ്ങളും കമ്മിഷൻ മുമ്പാകെ തുറന്നുപറയാൻ പലർക്കും കഴിയുന്നതും ഇതിനാലാണ്. വിവരസാങ്കേതികവിദ്യ പലരുടെയും ജീവിതത്തിൽ വില്ലനാവുന്നത് പതിവുകാഴ്ച്ചയാണ്. അതിനാൽ സ്ത്രീകൾക്കിടയിലെ ബോധവത്ക്കരണത്തിന്റെ ഭാഗമായി സൈബർ നിയമവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും സെമിനാറുകൾ സംഘടിപ്പിക്കും. കൂടാതെ വിവാഹപൂർവ്വ കൗൺസലിങ്ങും ഊർജിതമാക്കും.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ 68 കേസുകൾ പരിഗണിച്ചു. ഇതിൽ 22 എണ്ണം തീർപ്പാക്കി. എട്ട് കേസുകൾ പൊലീസ് റിപ്പോർട്ടിന് കൈമാറി. 22 കേസുകളിൽ ഇരുകക്ഷികളും ഹാജരായില്ല. അടുത്ത കമ്മിഷൻ അദാലത്തിലേക്ക് 16 കേസുകൾ മാറ്റിവെച്ചു. അദാലത്തിൽ സബ് ഇൻസ്‌പെക്ടർ എൽ. രമ, അഡ്വ. ശോഭന, അഡ്വ. കെ. രാധിക, അഡ്വ. എ. അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.