ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ ഭാഗ്യക്കുറി വില്‍പനക്കാര്‍ക്കും ഓണം ഉത്സവബത്ത അവകാശമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ഷേമനിധിയില്‍ നിന്നുള്ള വിവിധ സഹായങ്ങള്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചതായും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അറിയിച്ചു.

വിവാഹധനസഹായം 5,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി. ചികിത്സാസഹായം 20,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി. പ്രസവ സഹായം 5,000 രൂപയില്‍ നിന്ന് 10,000 രൂപയാക്കിയും വര്‍ധിപ്പിച്ചു. സാധാരണ ചികിത്സാധനസഹായം 3,000 രൂപയില്‍ നിന്നും 5,000 രൂപയായി വര്‍ധിപ്പിച്ചു.

അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുപ്രകാരം പത്താം ക്ലാസില്‍ 80 ശതമാനം മാര്‍ക്ക് നേടി പാസ്സാകുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കും. കുട്ടികളുടെ പഠന പ്രോത്സാഹനത്തിന് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് ബിരുദ ബിരുദാനന്തര പഠനത്തിനും പ്രൊഫഷണല്‍ പഠനത്തിനും വരെ വിവിധ നിരക്കില്‍ നല്‍കുന്നു.

60 വയസ്സുവരെ അംഗത്വത്തില്‍ തുടരാനും അംഗം എന്ന നിലയിലുള്ള എല്ലാ ആനുകൂല്യവും ലഭിക്കാനും ഇനി അര്‍ഹത ഉണ്ടായിരിക്കും.