തൃശ്ശൂർ: ചരിത്രപ്പെരുമ പേറുന്ന തൃശൂർ മൃഗശാല പുത്തൂരിലേക്ക് കൂട് മാറുമ്പോൾ സംസ്ഥാനത്തിന് കരഗതമാകുന്നത് രാജ്യത്തെ ആദ്യത്തെ സുവോളജിക്കൽ പാർക്ക്. കാനന സദൃശ്യമായ മരക്കൂട്ടങ്ങളും തുറസുകളും നിറഞ്ഞ 338 ഏക്കറിൽ വന്യമൃഗങ്ങൾക്കായി ഒരുങ്ങുന്നത് തനിമയാർന്ന ആവാസ വ്യവസ്ഥ. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന കൂടുമാറ്റത്തിന്റെ ആദ്യ ഘട്ട പൂർത്തീകരണ പ്രഖ്യാപനം ഇനി വിളിപ്പാടകലെ.

കൊച്ചി മഹാരാജാവിന്റെ താൽപര്യത്തിൽ തൃശൂരിലെ വിയ്യൂരിലാണ് ദിവാൻ ശങ്കരയ്യ മുൻകയ്യെടുത്ത് വിയ്യൂർ പാർക്ക് എന്ന പേരിൽ ആദ്യത്തെ മൃഗശാല സ്ഥാപിച്ചത്. സന്ദർശകരുടെ കുറവ് മൂലം 1898ൽ പാർക്ക് അടച്ചു. പിന്നീട് 1912ലാണ് ചെമ്പൂക്കാവിൽ ‘കൊച്ചിൻ സ്റ്റേറ്റ് മ്യൂസിയം’ പ്രവർത്തനമാരംഭിക്കുന്നത്. ആർക്കിയോളജിസ്റ്റ് എൽ.കെ. അനന്തകൃഷ്ണ അയ്യരായിരുന്നു മ്യൂസിയത്തിന്റെ ആദ്യത്തെ പൂർണ ചുമതലക്കാരൻ. 1913ൽ മ്യൂസിയം വളപ്പിൽ വന്യമൃഗങ്ങൾക്ക് കൂടൊരുങ്ങി. 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന തൃശൂർ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്.

അമ്പതിലേറെ ഇനങ്ങളിലുള്ള വന്യജീവികളാണ് നിലവിൽ ഇവിടെയുള്ളത്. സുവോളജിക്കൽ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, നക്ഷത്ര വനം, മ്യൂസിയം, ത്രീഡി തീയേറ്റർ എന്നിവ കൂടി അടങ്ങുന്നതാണ് തൃശൂരിന്റെ ഈ പൈതൃക കേന്ദ്രം.നഗരമധ്യത്തിലെ 13.5 ഏക്കറിന്റെ അപര്യാപ്തതകളാണ് മൃഗശാലയുടെ മാറ്റം സംബന്ധിച്ച ആലോചനകൾക്ക് ആക്കം കൂട്ടിയത്. നഗരത്തിൽ നിന്നും വിളിപ്പാടകലെയുള്ള പുത്തൂരിൽ സ്ഥലം കണ്ടെത്തി ഏറ്റെടുത്തിട്ട് വർഷങ്ങളായെങ്കിലും പദ്ധതി പുരോഗതി കൈവരിച്ചത് നിലവിലെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് മൃഗശാലയ്ക്ക് ശാപമോക്ഷമേകിയത്. 360 കോടി രൂപയുടെ ഈ പദ്ധതിക്കായി കിഫ്ബിയിൽ നിന്നും 269.75 കോടി രൂപയും ബാക്കി തുക സംസ്ഥാന വിഹിതവുമായി അനുവദിച്ചിട്ടുണ്ട്. സ്വാഭാവിക പ്രതീതിയിലുള്ള വാസസ്ഥാനമെന്ന ആശയത്തിൽ അധിഷ്ഠിതമായാണ് പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രൂപകൽപ്പന. തുറസുകളിൽ വിഹരിക്കുന്ന വനരാജാക്കൻമാരെ സുരക്ഷിതമായ അകലങ്ങളിൽ ഇനി നേരിട്ടു കാണാം. ഫെബ്രുവരി പകുതിയോടെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് മൃഗങ്ങളെ മാറ്റി പാർപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു വനം വകുപ്പ്.വന്യജീവികളെ പരിപാലിക്കുന്നതിനായി വിശാലമായ 23 വാസസ്ഥലങ്ങൾ, പാർക്കിംഗ് സൗകര്യം, സന്ദർശകർക്കുള്ള അടിസ്ഥാനസൗകര്യം, സൂ ഹോസ്പിറ്റൽ സമുച്ചയം എന്നിവ ഉൾപ്പെടുന്ന പുത്തൂരിലെ സൂവോളജിക്കൽ പാർക്ക് പൂർണമായും ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് ആയിരിക്കും.

2018 ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാംഘട്ടത്തിൽ പക്ഷിക്കൂടുകൾ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങുകൾ, കാട്ടുപോത്ത് എന്നിവയുടെ വാസകേന്ദ്രങ്ങൾ തുടങ്ങിയ നിർമ്മാണങ്ങൾ 90% പൂർത്തീകരിച്ചു. മൃഗശാല ആശുപത്രി സമുച്ചയ നിർമാണവും നേതൃത്വത്തിൽ പുരോഗമിക്കുന്നു. അഡ്മിനിസ്ട്രേഷൻ ബ്ളോക്കും ഉയർന്നു കഴിഞ്ഞു.കിഫ്ബി ഫണ്ട് ഉപയോഗിച്ച് രണ്ടും മൂന്നും ഘട്ടങ്ങളായി 19 കൂടുകളുടെ നിർമാണവും മുന്നേറുന്നു. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയ 8 കൂടുകളുടെയും അറൈവൽ ആൻറ് പാർക്കിംഗ് സോൺ, ഓറിയന്റേഷൻ സെൻറർ, ബയോ ഡൈവേഴ്സിറ്റി സെൻറർ, കോമൺ സർവീസ് ആൻ്റ് ട്രാം റോഡ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെയും നിർമ്മാണം ഇതിനകം 50 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. ലാൻഡ് സ്കേപ്പിങ്ങിനും നടപടികളായി.

മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയ 11 കൂടുകളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവയുടെയും നിർമാണത്തിന്റെ 15 ശതമാനം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. വൈദ്യുതീകരണ ജോലികളും പുരോഗമിക്കുന്നു.