ഇടുക്കി:തലമുറകളായി തോട്ടം ലയങ്ങളിലെ ഒറ്റമുറിയിൽ കഴിയുന്ന തൊഴിലാളികൾക്ക്് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി വീട് ഒരുക്കാൻ തൊഴിൽ വകുപ്പ് ‘ഓൺ യുവർ ഓൺ ഹൗസ് ‘ ഭവന പദ്ധതി നടപ്പാക്കുന്നു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത തൊഴിലാളികൾക്കായാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഇടുക്കി കുറ്റിയാർവാലിയിൽ പത്തു വീടുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി.

തൊഴിൽ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. കൂടുതൽ വീടുകൾ നിർമ്മിച്ച് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ 5.49 ഏക്കർ റവന്യൂ ഭൂമി കണ്ടെത്തി. കൊല്ലം പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസിലെ തൊഴിലാളികൾക്കുള്ള വീടുകളുടെ നിർമ്മാണവും തുടങ്ങി.
തോട്ടങ്ങളിൽ തൊഴിലെടുക്കുമ്പോൾ ലയങ്ങളിലാണ് തൊഴിലാളികൾ കഴിയുന്നത്. പരിമിതമായ സൗകര്യങ്ങൾക്കിടയിൽ പല തലമുറകൾ ഒരുമിച്ച് കഴിയേണ്ട നിലയാണ് പല ലയങ്ങളിലും. ഈ സാഹചര്യത്തിലാണ് തൊട്ടം തൊഴിലാളികൾക്കായി ഭവനപദ്ധതികൾ നടപ്പാക്കുന്നത്. വയനാട് ജില്ലയിൽ ബിവറേജസ് കോർപ്പറേഷന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് നൂറ് വീടുകളാണ് തൊഴിൽ വകുപ്പ് നിർമ്മിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ ഒരേക്കർ ഭൂമി കൈമാറാൻ നടപടികളായി.

ഇടുക്കി പീരുമേട്ടിൽ ഭവന പദ്ധതിക്കായി ഭൂമികണ്ടെത്താനുള്ള നടപടി തുടരുകയാണ്. ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴിൽ വകുപ്പ് നടത്തിയ സർവേയിൽ 32,454 തോട്ടം തൊഴിലാളികൾക്ക് വീടില്ലെന്ന് കണ്ടെത്തിയിരുന്നു. വിരമിച്ച തൊഴിലാളികളിൽ 5348 പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് നൽകാനുള്ള നടപടികളും തുടരുകയാണ്.