ആലപ്പുഴ: ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ നടക്കുന്ന ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ച് ജില്ലാ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ചെങ്ങന്നൂര്‍ താലൂക്ക് സ്‌ക്വാഡും മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വോളന്റ്റീയേഴ്‌സും സംയുക്തമായി മാവേലിക്കര തിരുവല്ല റൂട്ടില്‍ സൗഹൃദ വാഹന പരിശോധന നടത്തി. പരിശോധനയില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ചവര്‍ക്ക് മിഠായി വിതരണം ചെയ്തു.

നിയമങ്ങള്‍ പാലിക്കാതെ വന്നവര്‍ക്ക് കുട്ടികള്‍ റോഡ് സുരക്ഷയുടെ ആവശ്യകത പറഞ്ഞ് കൊടുക്കുകയും റോഡ് സുരക്ഷ ലീഫ് ലറ്റ് വിതരണം ചെയ്യുകയും ചെയ്തു. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ പരിശോധനയില്‍ പങ്കെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എം.വി.ഐ ദിലീപ് കുമാര്‍ കെ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. മനോജ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ മനോജ് കുമാര്‍, എ.എം.വി.ഐ മാരായ വിനീത്. വി, ജിതിന്‍, ചന്തു എന്നിവര്‍ സൗഹൃദ വാഹന പരിശോധനക്ക് നേതൃത്വം നല്‍കി.