വയനാട്: മീനങ്ങാടി ജി.എച്ച്.എസ്. സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെയും ഫോറസ്ട്രി ക്ലബ്ബ്, റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, ഭൂമിത്രസേന ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആറാട്ടുപാറയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കാലാവസ്ഥ നിര്‍ണയത്തില്‍ ആറാട്ടുപാറയുടെ പങ്കാണ് മുഖ്യ പഠനവിഷയം. ക്വാറി പ്രവര്‍ത്തനത്തിന് പാരിസ്ഥിതികാനുമതി നല്‍കിയ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതിയുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ച് ചര്‍ച്ചയ്ക്കു വിധേയമാക്കിയത്. ജില്ലയിലെ കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ ആറാട്ടുപാറ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നു വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യമായി. ജൈവ വൈവിധ്യ കലവറയായ ഈ പ്രദേശം സംരക്ഷിക്കാനുള്ള നടപടിക്കു വേണ്ടി റിപോര്‍ട്ട് ദുരന്തനിവാരണ സമിതിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി വിത്ത് പന്ത് നിര്‍മ്മിച്ച് ആറാട്ടുപാറയ്ക്കു ചുറ്റും പാകി സംരക്ഷണ മതില്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍. സമീപമുള്ള 2,500 വര്‍ഷത്തിലേറെ പഴക്കമുള്ള മുനിയറകളും പഠനവിധേയമാക്കി.