കൈപ്പമംഗലം നിയോജകമണ്ഡലത്തെ പ്ലാസ്റ്റിക്ക് മാലിന്യരഹിതമാക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. നിയോജകമണ്ഢലത്തിലെ സമഗ്ര വിദ്യഭ്യാസ പദ്ധതിയോടനുബന്ധിച്ചുള്ള അക്ഷരകൈരളി സ്വരക്ഷയുടെ ഭാഗമായി സര്‍വ്വംസഹയായ ഭൂമിക്ക് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി വഴിയാണ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് രംഗത്തിറങ്ങിയത്. 1200 കിലോ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഇതുവഴി വിദ്യാര്‍ഥികള്‍ ശേഖരിച്ചത്. വീടുകളില്‍ നിന്നും സ്കൂള്‍ പരിസരത്തുനിന്നുമായി ഒരാഴ്ച്ചകൊണ്ട് ഉപയോഗ ശൂന്യമായ ഒന്നരലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികളും ശേഖരിക്കാനായി. മണ്ഢലത്തിലെ 78 സ്കൂളുകളില്‍ നിന്നായി ആയിരത്തിലധികം കുട്ടികളാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്. ശേഖരിച്ച മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മതിലകം സെന്‍റ് ജോസഫ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലെത്തിച്ച് കേരളാ സ്ക്രാപ്പ് അസോസിയേഷന് കിലോയ്ക്ക് 23.75 രൂപ വിലയീടാക്കി കൈമാറി.
ഇതുവഴി ലഭിച്ച 30000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ന?യുടെ നല്ലപാഠം രചിക്കാനും വിദ്യാര്‍ഥികള്‍ക്കായി. എം.എല്‍ എ. ഇ. ടി ടൈസണ്‍മാസ്റ്ററുടെയും കോര്‍ഡിനേറ്റര്‍മാരായ അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.