തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികൾക്ക് പുനരധിവാസ പദ്ധതി

2014-15-ൽ പുതിയ അബ്കാരി നയം നടപ്പാക്കിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനുളള കരട് പദ്ധതി അംഗീകരിച്ചു. ‘സുരക്ഷാ സ്വയം തൊഴിൽ പദ്ധതി’ എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ പദ്ധതിയിൽ വരുന്ന ഗുണഭോക്താക്കൾക്ക് അഞ്ച് വർഷത്തേക്ക് 2.5 ലക്ഷം രൂപ ടേം ലോണായും അര ലക്ഷം രൂപ ഗ്രാന്റ്/സബ്‌സിഡി ആയും അനുവദിക്കുന്നതാണ്. ഈ വായ്പയ്ക്ക് നാലു ശതമാനമാണ് പലിശ. അഞ്ചു വർഷത്തിനുള്ളിൽ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. സ്വയം തൊഴിൽ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നൽകും.

2019 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ജില്ലാ ആസ്ഥാനങ്ങളിൽ താഴെ പറയുന്ന മന്ത്രിമാരും പങ്കെടുക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

കൊല്ലം – ജെ മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട – കടകംപള്ളി സുരേന്ദ്രൻ
ആലപ്പുഴ – ജി. സുധാകരൻ
കോട്ടയം – കെ. കൃഷ്ണൻകുട്ടി
ഇടുക്കി – എം.എം. മണി
എറണാകുളം – എ.സി. മൊയ്തീൻ
തൃശ്ശൂർ – വി.എസ്. സുനിൽകുമാർ
പാലക്കാട് – എ.കെ. ബാലൻ
മലപ്പുറം – കെ.ടി. ജലീൽ
കോഴിക്കോട് – എ.കെ. ശശീന്ദ്രൻ
വയനാട് – രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ – ഇ.പി. ജയരാജൻ
കാസർഗോഡ് – ഇ. ചന്ദ്രശേഖരൻ

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദുവിന്റെ കാലാവധി അന്യത്രസേവന വ്യവസ്ഥയിൽ 05-10-2018 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു.

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഒരു ഫിനാൻസ് ഓഫീസറുടെ തസ്തിക സൃഷ്ടിക്കാനും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്താനും തീരുമാനിച്ചു.

സർക്കാർ പോളിടെക്‌നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളിൽ ലക്ചറർ 83 (2017-18ൽ 16, 2018-19ൽ 67), ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ് 2018-19ൽ ഒന്നും കരാർ വ്യവസ്ഥയിൽ ഫാക്കൽറ്റി 67 (2017-18ൽ 36, 2018-19-ൽ 31) എന്നിങ്ങനെ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

അർബുദബാധയെ തുടർന്ന് മരണപ്പെട്ട പ്രശ്‌സത ചലച്ചിത്ര സംവിധായകനും തോപ്പിൽ ഭാസിയുടെ മകനുമായ അജയകുമാറിന്റെ ചികിത്സയ്ക്ക് ചെലവായ തുക ഒരു പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു.

കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചു വരുന്ന അഖിലേന്ത്യാ സർവ്വീസ് ഓഫീസേഴ്‌സ് അലവൻസ് ധനവകുപ്പിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി 2017 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടു കൂടി പരിഷ്‌കരിക്കാൻ തീരുമാനിച്ചു.