ചെങ്ങന്നൂർ:നാടിന്റെ സമസ്ത മേഖലകളിലും വികസനം എത്തിച്ചുകൊണ്ട് ജനങ്ങൾക്കിടയിലെ ചേരി തിരിവ് ഇല്ലാതെയാക്കി അവരെ ഒന്നിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ..എല്ലാ ആരാധനാ രീതികളേയും മതവിശ്വാസങ്ങളേയും ബഹുമാനിക്കുകയും സംരക്ഷണം നൽകിയുമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ ആരാധനാലയങ്ങലിലേക്കുള്ള റോഡുകളുടെ വികസനം തന്നെ ഇതിന് തെളിവാണ്. ഇത്തവണത്തെ ബജറ്റിലും ശബരിമലയുടെ വികസനത്തിനായി വലിയ തുകയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും ചെങ്ങന്നൂരിൽ ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ നഗരത്തിലൂടെ കടന്നുപോകുന്ന ശബരിമല വില്ലേജ് റോഡ്,ടെമ്പിൾ റോഡ്,വെള്ളാവൂർ-പടിഞ്ഞറേ നട റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയാരുന്നു മന്ത്രി. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന ക്ഷേത്രമായ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ വികസനത്തിനായി സംസ്ഥാന സർക്കാർ അകമഴിഞ്ഞ പിന്തുണയാണ് നൽകി വരുന്നത്.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ നൂതന നിർമാണമെന്ന് എം.എൽ.എ പറഞ്ഞു.ചെങ്ങന്നൂർ നഗരസഭ വികസന സ്ഥിരം സമിതി അംഗം വി.വി അജയൻ,പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി:എഞ്ചിനീയർ ബി.വിനു.എം.എച്ച് റഷീദ് തുടങ്ങിയവർ സംസാരിച്ചു..