വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കാനുള്ള അപേക്ഷകളിൽ നടപടി ഊർജിതമാക്കി. സർവേ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു. നിലവിൽ രണ്ടു സർവേ ടീമുകൾ ജോലിയിൽ വ്യാപൃതരാണ്. ഒരു മെഷീൻ കൂടി ലഭ്യമാവുന്ന മുറയ്ക്ക് മറ്റൊരു സംഘം കൂടി ഇവർക്കൊപ്പം ചേരും. മെഷീൻ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു സർവേ ഡയറക്ടറോട് ആവശ്യപ്പെടാനും തീരുമാനിച്ചു. വാഹനസൗകര്യം പട്ടികവർഗ വികസനവകുപ്പ് ഏർപ്പെടുത്തും. വനമേഖലകളിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാങ്കേതിക തടസ്സങ്ങളുണ്ട്. ഇതു പരിഹരിക്കാൻ സബ് കളക്ടറുടെ അധ്യക്ഷതയിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരുടെ യോഗം ചേരും. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കളക്ടർ ഇ.പി മേഴ്‌സി, ഐടിഡിപി പ്രൊജക്റ്റ് ഓഫിസർ പി. വാണിദാസ്, വനം-സർവേ വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.