ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനർഥികൾക്കും മാർഗദർശനത്തിനുള്ള മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇവ കർശനമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾക്കു ഇതിനകം രൂപം നൽകി. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർക്ക് കമ്മിഷൻ നിർദേശം നൽകി.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുതോ നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും ഒരു പാർട്ടിയോ സ്ഥാനാർഥിയോ ഏർപ്പെടരുത്. മറ്റു രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള വിമർശനം നടത്തുമ്പോൾ അതവരുടെ നയങ്ങളിലും പരിപാടികളിലും, പൂർവകാല ചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കി നിർത്തണം. മറ്റു പാർട്ടികളുടെ നേതാക്കൻമാരുടെയും പ്രവർത്തകരുടെയും പൊതു പ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പാർട്ടികളും സ്ഥാനാർഥികളും വിമർശനമുന്നയിക്കരുത്. അടിസ്ഥാനരഹിതമായോ വളച്ചൊടിച്ചതോ ആയ ആരോപണം ഉന്നയിച്ചു മറ്റ് പാർട്ടികളെയും അവയിലെ പ്രവർത്തകരെയും വിമർശിക്കുന്നത് ഒഴിവാക്കണമെന്നും പൊതു നിർദേശത്തിൽ പറയുന്നു.

ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ടു ചോദിക്കരുത്. മുസ്ലീം പള്ളികൾ, പള്ളികൾ, ക്ഷേത്രങ്ങൾ, മറ്റാരാധന സ്ഥലങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. സമ്മതിദായകർക്ക് കൈക്കൂലി നൽകുക, സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിൽ വോട്ടു പിടിക്കുക, പോൾ അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിനു തൊട്ടുമുമ്പുള്ള 48 മണിക്കൂർ സമയത്ത് പൊതുയോഗങ്ങൾ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും പോളിങ് സ്റ്റേഷനിൽ നിന്നും സമ്മദിദായകരെ വാഹനങ്ങളിൽ കൊണ്ടുപോകുക തുടങ്ങി തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവർത്തനങ്ങളും എല്ലാ പാർട്ടികളും സ്ഥാനാർഥികളും ഒഴിവാക്കേണ്ടതാണ്.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും എത്ര തന്നെ വെറുപ്പുണ്ടായിരുന്നാലും സമാധാനപരമായും അലട്ടലില്ലാതെയും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടിനു മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റുചെയ്യുക, തുടങ്ങിയവ ഒരു പരിതഃസ്ഥിതിയിലും അവലംബിക്കരുത്.
ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവയിൽ അയാളുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുതിനോ, ബാനറുകൾ കെട്ടുന്നതിനോ പരസ്യമൊട്ടിക്കുതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കുന്നതിന് രാഷ്ട്രീയകക്ഷികളോ സ്ഥാനാർഥികളോ അവരുടെ അനുയായികളെ അനുവദിക്കരുത്.
മറ്റു പാർട്ടികൾ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികൾ തടസപ്പെടുത്തുകയോ അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യില്ലെന്ന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ഉറപ്പു വരുത്തണം. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ പാർട്ടികളുടെ ലഘുലേഖകൾ വിതരണം ചെയ്തോ നേരിട്ടോ രേഖാമൂലമായോ ചോദ്യങ്ങൾ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയപാർട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ പാടില്ല. ഒരു പാർട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽക്കൂടി മറ്റൊരു പാർട്ടി ജാഥ നടത്തരുത്. ഒരു പാർട്ടി ഒട്ടിച്ചിട്ടുള്ള ചുവർപരസ്യങ്ങൾ മറ്റൊരു പാർട്ടിയുടെ പ്രവർത്തകർ നീക്കം ചെയ്യരുതെന്നും പൊതു പെരുമാറ്റച്ചട്ടത്തിൽ നിഷ്‌കർഷിക്കുന്നു.
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പൊലീസിന് സാധ്യമാകത്തക്കവിധം നേരത്തെ തന്നെ നിർദിഷ്ടയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർഥിയോ സ്ഥലത്തെ പൊലീസ് അധികാരികളെ അറിയിച്ചിരിക്കണമെന്ന് യോഗങ്ങൾക്കായുള്ള നിർദേശങ്ങളിൽ പറയുന്നു.
യോഗം നടത്താൻ ഉദ്ദേശ്യമുള്ള സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഉണ്ടോ എന്ന് പാർട്ടിയോ സ്ഥാനാർഥിയോ വളരെ മുൻകൂട്ടി തന്നെ അറിഞ്ഞിരിക്കണം. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുണ്ടെങ്കിൽ അവ കണിശമായി പാലിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകളിൽ നിന്നും ഒഴിവാക്കപ്പെടണമെങ്കിൽ അതിനായി മുൻകൂട്ടി അനുമതി നേടിയിരിക്കണം.
ഏതെങ്കിലും നിർദിഷ്ടയോഗം സംബന്ധിച്ച് ഉച്ചഭാഷിണികളോ മറ്റു ഏതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിനായി അനുവാദമോ ലൈസൻസോ ലഭിക്കണമെങ്കിൽ പാർട്ടിയോ സ്ഥാനാർഥിയോ കാലേക്കൂട്ടി ബന്ധപ്പെട്ട അധികാരിയോടപേക്ഷിക്കേണ്ടതും അങ്ങനെയുള്ള അനുവാദമോ ലൈസൻസോ നേടേണ്ടതുമാണ്. ഒരു യോഗം അലങ്കോലപ്പെടുത്തുകയോ മറ്റു വിധത്തിൽ ബഹളമുണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ആളുകളെ കൈകാര്യം ചെയ്യുന്നതിന് ഡ്യൂട്ടിയിലുള്ള പൊലീസിന്റെ സഹായം യോഗം സംഘാടകർ അനുപേക്ഷണീയമായും ആവശ്യപ്പെടേണ്ടതാണെന്നും യോഗങ്ങളുടെ നടത്തിപ്പു സംബന്ധിച്ച നിർദേശങ്ങളിൽ പറയുന്നു.
ജാഥ സംഘടിപ്പിക്കുന്ന ഒരു പാർട്ടിയോ സ്ഥാനാർഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും, പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിച്ചിരിക്കണമെന്നാണ് ഇതു സംബന്ധിച്ച നിർദേശം. സാധാരണഗതിയിൽ ഈ പരിപാടിയിൽ മാറ്റം വരുത്തരുത്. ആവശ്യമായ ഏർപ്പാടുകൾ ഉണ്ടാക്കുന്നതിന് പൊലീസ് അധികാരികൾക്ക് സാധിക്കത്തവണ്ണം പരിപാടിയെപ്പറ്റി പൊലീസ് അധികാരികളെ സംഘാടകർ മുൻകൂട്ടി വിവരം ധരിപ്പിക്കണം. ജാഥ പോകേണ്ട പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവുകൾ പ്രാബല്യത്തിലുണ്ടോയെന്ന് സംഘാടകർ അന്വേഷണം നടത്തേണ്ടതും അധികൃതർ ഒഴിവാക്കാത്തപക്ഷം നിരോധനങ്ങൾ പാലിക്കേണ്ടതുമാണ്.
ഗതാഗതത്തിന് വിഘാതമോ തടസമോ ഉണ്ടാക്കാതിരിക്കത്തക്കവണ്ണം ജാഥയുടെ ഗതി നിയന്ത്രിക്കാൻ സംഘാടകർ മുൻകൂട്ടി നടപടി എടുക്കണം. ജാഥ വളരെ നീണ്ടതാണെങ്കിൽ, സൗകര്യപ്രദമായ ഇടവേളകളിൽ പ്രത്യേകിച്ച് ജാഥ റോഡ് ജംഗ്ഷനുകൾ കടന്നുപോകേണ്ട പോയിന്റുകളിൽ തടസപ്പെട്ട ഗതാഗതം ഘട്ടംഘട്ടമായി പോകാൻ അനുവദിക്കാനും ഗതാഗത സ്തംഭനം ഒഴിവാക്കാനും യോജിച്ച ദൈർഘ്യത്തിൽ ഭാഗങ്ങളായി സംഘടിപ്പിക്കേണ്ടതാണ്.
ജാഥകൾ, കഴിയുന്നിടത്തോളം റോഡിന്റെ വലതു വശത്തുവരത്തക്കവണ്ണം ക്രമപ്പെടുത്തേണ്ടതും പൊലീസിന്റെ നിർദേശവും ഉപദേശവും കർശനമായി പാലിക്കേണ്ടതുമാണ്. രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ ഏകദേശം ഒരേ സമയത്തു തന്നെ ഒരേ വഴിയിലൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ കാലേക്കൂട്ടി പരസ്പരം ബന്ധപ്പെടേണ്ടതും ജാഥകൾ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗത തടസം സൃഷ്ടിക്കാതിരിക്കുതിനും നടപടികൾ എടുക്കുന്നതിനെപ്പറ്റി തീരുമാനിക്കേണ്ടതുമാണ്. തൃപ്തികരമായ ഏർപ്പാടുകളിലെത്തിച്ചേരുതിന് പൊലീസിന്റെ സഹായം ഉപയോഗപ്പെടുത്തണം. ഈയാവശ്യത്തിനായി എത്രയും നേരത്തെ തന്നെ പാർട്ടികൾ പൊലീസുമായി ബന്ധപ്പെടണം. പ്രത്യേകിച്ചും, ആവേശഭരിതരാകുന്ന സമയങ്ങളിൽ അനാശാസ്യ വ്യക്തികൾ ദുരുപയോഗപ്പെടുത്തിയേക്കാവുന്ന സാധനങ്ങൾ കൊണ്ടു നടക്കുന്ന ജാഥാംഗങ്ങളുടെ മേൽ രാഷ്ട്രീയകക്ഷികളോ സ്ഥാനാർഥികളോ പരമാവധി നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്.
മറ്റു രാഷ്ട്രീയ പാർട്ടികളിലുള്ള അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുതിനായി ഉദ്ദേശിക്കുന്ന കോലങ്ങൾ കൊണ്ടുപോകുന്നതിനും പരസ്യമായി അവ കത്തിക്കുന്നതും അങ്ങനെയുള്ള മറ്റു പ്രകടനങ്ങളും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ സ്ഥാനാർഥിയോ പ്രോൽസാഹിപ്പിക്കാൻ പാടില്ലെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.