വയനാട് ലോക്‌സഭ മണ്ഡലത്തിലെ പോളിങ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് അന്തിമഘട്ടത്തിൽ. 90 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എ.ആർ അജയകുമാർ അറിയിച്ചു. ജനറൽ, പൊലീസ്, ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ സി-വിജിൽ ആപ്ലിക്കേഷനിലൂടെ ലഭിച്ച 110 പരാതികൾ സമയബന്ധിതമായി പരിഹരിച്ചു. ഇവിഎം, വിവിപാറ്റ് എന്നിവയുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ ഏപ്രിൽ 12നു നടക്കും. ബൂത്തുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. വീഡിയോ സർവൈലൻസ്, സ്റ്റാറ്റിക് സർവൈലൻസ്, ഫ്‌ളയിങ് സ്‌ക്വാഡുകളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ജില്ലയിൽ 46 പ്രദേശങ്ങളിലായി 72 പോളിങ് ബൂത്തുകൾ പ്രശ്‌നബാധിതമാണെന്നു കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി അറിയിച്ചു. ഇവിടങ്ങളിൽ കേന്ദ്രസേനയുടെ സഹായത്തോടെ കർശന സുരക്ഷ ഏർപ്പെടുത്തും. ആവശ്യമായ സ്ഥലങ്ങളിൽ വയർലെസ് സെറ്റുകൾ ഉറപ്പാക്കും. വിവര കൈമാറ്റം സുഗമമാക്കാൻ ഓരോ നിയോജക മണ്ഡലങ്ങളിലും നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ യോഗം തീരുമാനിച്ചു. നിശ്ചിത മാതൃകയിലുള്ള റിപോർട്ടുകൾക്കു പുറമെ കൂടുതൽ വിവരങ്ങൾ യഥാസമയം നൽകാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ നിർദേശിച്ചു. പണം, മദ്യം തുടങ്ങിയവ പിടിച്ചെടുത്താൽ സ്ഥലവും സമയവും അടക്കമുള്ള വിവരങ്ങൾ നിർബന്ധമായി കൈമാറണം. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മണ്ഡലാടിസ്ഥാനത്തിൽ യോഗം വിളിച്ചുചേർക്കും. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിരുപങ്കിടുന്നതിനാൽ അതിർത്തി ചെക്‌പോസ്റ്റുകളിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും നിർദേശിച്ചു.
ഓരോ നിയോജക മണ്ഡലങ്ങളിലും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ ഒബ്‌സർവർമാരുടെ ശ്രദ്ധയിൽപ്പെടുത്തി. ജനറൽ ഒബ്സർവർ ബോബി വൈക്കോം, ചെലവ് നിരീക്ഷകൻ ആനന്ദ്കുമാർ, പൊലീസ് ഒബ്‌സർവർ നിതിൻ ദീപ് ബ്ലാഗൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, എഡിഎം കെ. അജീഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി. റംല, പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.