സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന  നടത്തിയ ഇടപെടല്‍ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതിന് സഹായകമായെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോട്ടയം താഴത്തങ്ങാടിയില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് പൊതുവിതരണ മേഖല കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ക്രമക്കേടുകള്‍ക്ക് ഇടയില്ലാത്തവിധം സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം റേഷന്‍ കടയിലെ ത്രാസ് ഈ പോസ് യന്ത്രവുമായി ബന്ധിപ്പിക്കും. 

സംസ്ഥാനത്ത് 22 ഗ്രാമപഞ്ചായത്തുകളില്‍കൂടി സപ്ലൈകോയുടെ വില്‍പ്പന ശാലകള്‍ തുറക്കാനുണ്ട്.  തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇതിന് നടപടി സ്വീകരിക്കും. സപ്ലൈ കോയുടെ കുപ്പിവെള്ളം റേഷന്‍ കടകളിലൂടെ ലിറ്ററിന് പതിനൊന്നു രൂപ നിരക്കില്‍ വില്‍പ്പന നടത്തും. ഗൃഹോപകരണങ്ങള്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ 45 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കുന്നുണ്ട്. മീനും ഇറച്ചിയും പാലും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താനും സപ്ലൈകോ ഉത്പന്നങ്ങള്‍ റേഷന്‍ കടകളിലും ലഭ്യമാക്കാനും ആലോചനയുണ്ട്-മന്ത്രി പറഞ്ഞു.

സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തംഗം തല്‍ഹത്ത് അയ്യന്‍കോയിക്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ. ശശിധരന്‍, പി.കെ. അനന്ദക്കുട്ടന്‍, കുഞ്ഞുമോന്‍ കെ. മേത്തര്‍, സപ്ലൈകോ മേഖലാ മാനേജര്‍ പി.എന്‍. ഇന്ദിരാദേവി,  താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ബി. ജയചന്ദ്രന്‍ തുടങ്ങിയവര്‍   പങ്കെടുത്തു.