അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി നർകോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വി.ജെ.ടി. ഹാളിൽ സംഘടിപ്പിച്ച പരിപാടി തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ലഹരി മൂലം ഒരു വ്യക്തി മാത്രമല്ല, കുടുംബവും സമൂഹവും അതിലൂടെ രാജ്യവുമാണ് നശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടേയും യുവാക്കളുടേയും ചിന്താപരമായ  കഴിവുകളെയും ലഹരി ഉപയോഗം കവർന്നെടുക്കുന്നു. ഇതിനെതിരെ വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്നും മദ്യവർജനമെന്ന ഗാന്ധിജിയുടെ സമരായുധം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. ആന്റി നർകോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ വീട്ടമ്മമാർക്കായി നടപ്പാക്കുന്ന മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സ്ത്രീശാക്തീകരണം, ആദിവാസിക്ഷേമം, ജൈവകൃഷി, ജീവകാരുണ്യം തുടങ്ങി വിവിധ മേഖലകളിൽ നൽകിവരുന്ന അവാർഡുകൾ വിതരണം ചെയ്തു. കുടുംബജ്യോതിയുടെ 20-ാമത് വാർഷികാഘോഷവും നടന്നു. ചടങ്ങിൽ നവകേരള കർമ്മപദ്ധതി കോർഡിനേറ്റർ ചെറിയാൻഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആന്റി നർകോട്ടിക് ആക്ഷൻ കൗൺസിൽ ഡയറക്ടർ കള്ളിക്കാട് ബാബു, ആർ സുദർശനൻ, എസ്. അജിത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.