പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളെജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനം ജൂലൈ ഒമ്പതിന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അതോടൊപ്പം മെഡിക്കല്‍ കോളെജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും നടത്തും. പരിപാടിയില്‍ പട്ടികജാതി- പട്ടികവര്‍ഗ -പിന്നോക്ക ക്ഷേമ -നിയമ- സാംസ്‌കാരിക -പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ മുഖ്യാതിഥിയാകും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്സിന് കൂടുതല്‍ അവസരം ലഭിക്കണമെന്ന ലക്ഷ്യത്തോടെ 2014 ലാണ് മെഡിക്കല്‍ കോളെജ് പ്രവര്‍ത്തനം ആരംഭിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ഇ.കെ ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിക്കും. പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി റീത്ത, നഗരസഭാ കൗണ്‍സിലര്‍ വി മോഹന്‍, പി.ടി.എ പ്രസിഡന്റ് എം സതീഷ് കുമാര്‍, മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ടി.ബി കുലാസ് തുടങ്ങിയവര്‍ സംസാരിക്കും.

11353 ചതുരശ്ര അടിയില്‍ മെയിന്‍ ബ്ലോക്ക്

മെഡിക്കല്‍ കോളേജ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയ 44.20 കോടി രൂപയുടെ മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്ക് കെട്ടിടോദ്ഘാടനമാണ് ജൂലൈ ഒമ്പതിന് നടക്കുന്നത്. മെയിന്‍ ബ്ലോക്ക് കെട്ടിടത്തില്‍ ബെയ്സ്മെന്റ് ഫ്ലോര്‍, ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില, രണ്ടാം നില ഉള്‍പ്പെടെ 11353 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ബേസ്മെന്റ് ഫ്ലോറില്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യമാണുള്ളത് . അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, പരീക്ഷ ഹാള്‍, സെന്‍ട്രല്‍ റിസര്‍ച്ച് ലാബ്, ഗ്രൗണ്ട് ഫ്ലോറിലും ഫാര്‍മക്കോളജി ഡിപ്പാര്‍ട്ട്മെന്റ്, കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവ ഒന്നാം നിലയിലും മൈക്രോബയോളജി, പത്തോളജി, ഫോറന്‍സിക് മെഡിസിന്‍ എന്നീ വിഭാഗങ്ങള്‍ രണ്ടാം നിലയിലും ക്രമീകരിക്കുന്നുണ്ട്. പത്ത് നിലകള്‍ വീതമുള്ള ഗേള്‍സ് -ബോയ്സ് ഹോസ്റ്റല്‍, 26 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് എന്നിവ പൂര്‍ത്തിയായിട്ടുണ്ട് .