ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത്  കുടിശ്ശിക വരുത്തിയവര്‍ക്കായുള്ള കുടിശ്ശിക നിവാരണ അദാലത്ത് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് ഹാളില്‍ റവന്യു -ഭവന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പണം തിരിച്ചടക്കാന്‍ കഴിയാത്ത വിധം പരിതാപകരമായ അവസ്ഥയില്‍ ഉള്ളവരുടെ പ്രശ്‌നത്തിന് അദാലത്തില്‍ പരിഹാരം കാണുമെന്ന്  മന്ത്രി പറഞ്ഞു. എന്നാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിവുള്ള സാമ്പത്തിക ശേഷിയുള്ളവരുടെ കുടിശ്ശിക തള്ളിക്കളയാനാവില്ല. സാമ്പത്തിക ശേഷിയുള്ളവര്‍ സൗജന്യം പ്രതീക്ഷിക്കരുത്. കുടിശ്ശിക തിരിച്ചടയ്ക്കാന്‍ കഴിവുള്ളവര്‍ക്ക് മൂന്നു മാസത്തെ കാലാവധി നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വായ്പ എടുത്തവരുടെ സാമ്പത്തിക ശേഷിയെ കുറിച്ച് അന്വേഷിക്കാന്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്.
ഇത് പത്താമത്തെ ജില്ലയിലാണ് കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നത്.  2018 ഡിസംബറില്‍ ആദ്യം നടത്തിയ അദാലത്തില്‍, തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുടിശ്ശികക്കാരെല്ലാം പണം അടച്ചു കഴിഞ്ഞു. മൂന്ന് ഗഡുക്കളായോ ഒന്നിച്ചോ മൂന്നുമാസത്തിനുള്ളില്‍ പണം തിരിച്ചടയ്ക്കാം. ഒരാളെ പോലും സ്വന്തം വീട്ടില്‍നിന്ന് പുറന്തള്ളാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല, എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് കുടിശ്ശിക  തിരിച്ചു കിട്ടാനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
1971നു ശേഷം ഏഴ് ലക്ഷം പേര്‍ക്ക് ഭവന നിര്‍മ്മാണ വായ്പ നല്‍കാന്‍ കഴിഞ്ഞ സ്ഥാപനമാണ് ഭവന നിര്‍മ്മാണ ബോര്‍ഡ്. ഹഡ്‌കോയില്‍  നിന്ന് വായ്പയെടുത്താണ് വ്യക്തികള്‍ക്ക് വായ്പ നല്‍കിയിരുന്നത്. എന്നാല്‍ വ്യക്തികള്‍ വായ്പ തിരിച്ചടവ് മുടക്കിയതോടെ വായ്പ നല്‍കുന്ന പദ്ധതി തന്നെ  ഭവനനിര്‍മാണ ബോര്‍ഡിന് ഉപേക്ഷിക്കേണ്ടിവന്നു.  വായ്പ നല്കിയ ഇനത്തില്‍ ഭവനനിര്‍മാണ ബോര്‍ഡിന് 214 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലെ 88 വില്ലേജുകളില്‍ ഉള്‍പ്പെട്ട 283 കുടിശ്ശികക്കാരുടെ ഫയലുകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇവരില്‍നിന്ന് 22.47 കോടി രൂപയാണ് ബോര്‍ഡിന് ലഭിക്കാനുള്ളത്.കുടിശ്ശികക്കാരില്‍ 120 പേര്‍ താഴ്ന്ന വരുമാനമുള്ള വിഭാഗത്തിനും 146 പേര്‍ ഇടത്തരം വരുമാന വിഭാഗത്തിലും 34 പേര്‍ ഉയര്‍ന്ന വരുമാന വിഭാഗത്തിലും പെട്ട ഗുണഭോക്താക്കളാണ്.2004 മുതല്‍ 2018 വരെ ബോര്‍ഡ് നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വായ്പ തീര്‍പ്പാക്കാന്‍ കഴിയാതിരുന്ന ഇവര്‍ക്ക് തങ്ങളുടെ ബാധ്യത തീര്‍ക്കാനും കിടപ്പാടത്തിനു പ്രമാണം തിരിച്ചെടുക്കാനുമുള്ള അവസരമാണ് അദാലത്ത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ സാംബശിവറാവു മുഖ്യപ്രഭാഷണം നടത്തി. ഭവന നിര്‍മാണ ബോര്‍ഡ്‌ചെയര്‍മാന്‍  പി പ്രസാദ്,  മെമ്പര്‍ അഡ്വ  ഗോവിന്ദന്‍ പള്ളിക്കാപ്പില്‍,   മറ്റു മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.