സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതല്‍ പ്രളയ സെസ് നിലവില്‍ വരുന്നതോടെ പ്രളയ ബാധിതര്‍ക്ക് കൂടുതല്‍ സഹായം അനുവദിക്കാനാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനപ്രതിനിധികളുമായും എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്ത് പ്രളയ നഷ്ടം നേരിട്ട എല്ലാവരിലേക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഉപഭോക്താക്കളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘ജനകീയം ഈ അതിജീവനം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സംഭവിച്ച പ്രളയ നഷ്ടം നികത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. 31,000 കോടിയുടെ പ്രളയ നഷ്ടം ഐക്യരാഷ്ട്രസഭ കണക്കാക്കിയിരുന്നു.

എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് വേണ്ട വിധത്തിലുള്ള സഹായം ലഭിച്ചില്ല. കാര്‍ഷിക രംഗത്തെ നഷ്ടം വളരെ വലുതാണ്. ജലവിഭവ വകുപ്പിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.ഡി.ആര്‍.എഫില്‍ നിന്നും 537 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 460 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. റീ ബില്‍ഡ് കേരള ഫണ്ടില്‍ നിന്നും 700 കോടി ലഭിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കല്കടര്‍ ഡി.ബാലമുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണവകുപ്പിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ നിര്‍മ്മിച്ച 17 വീടുകളുടെ താക്കോല്‍ ദാനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. റവന്യൂ വകുപ്പ് മുഖേന ഭൂമി പതിച്ചു നല്‍കിയ രണ്ട് പേര്‍ക്ക് പട്ടയവും സ്ഥലവും വീടും ഒലിച്ചുപോയതും സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കുന്നതും ഉള്‍പ്പെടുന്ന 57 പേര്‍ക്ക് ആറ് ലക്ഷം രൂപ നല്‍കി വാങ്ങിയ ഭൂമിയുടെ ആധാരവും കൈമാറി. കെ.വി വിജയദാസ് എം.എല്‍.എ, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ആര്‍.ഡി.ഒ ആര്‍.രേണു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.