ഇടുക്കി: പ്രളയാനന്തര പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിമാലിയില്‍ ഡോക്സി ഡേ ദിനാചരണം സംഘടിപ്പിച്ചു. മഴക്കാലങ്ങളില്‍ അതിവേഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എലിപ്പനിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത്, ആറോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം  അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ദീപാരാജീവ് നിര്‍വ്വഹിച്ചു.

എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സിസൈക്ലിന്‍ മരുന്നുകളുടെ വിതരണം, ബോധവത്ക്കരണം എന്നിവയും ചടങ്ങില്‍ നടന്നു. ആറ്  ആഴ്ചകളില്‍ പഞ്ചായത്ത് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. മഴയോടനുബന്ധിച്ച് വീട്ടിലും പറമ്പിലും വെള്ളം കയറിയവരും മണ്ണിലും വെള്ളത്തിലും  പണിയെടുക്കുന്നവരും തൊഴിലുറപ്പ് തൊഴിലാളികളും നിര്‍ബന്ധമായും ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.

ചടങ്ങില്‍ ആര്യോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ മേരി യാക്കോബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം എന്‍ ശ്രീനിവാസന്‍,പഞ്ചായത്ത് അംഗങ്ങളായ ഇവി ജോര്‍ജ്, പ്രിന്‍സി മാത്യൂ, ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.