മലമ്പുഴ അണക്കെട്ടിൽ നിന്നുളള ജലവിതരണത്തിൽ കൃഷി-കുടിവെളള ആവശ്യങ്ങൾക്ക് മുൻഗണന നൽകി മാത്രമേ വ്യാവസായിക ആവശ്യങ്ങൾക്ക് ജലം വിതരണം നടത്തുകയുളളൂവെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാനും സ്ഥലം എം.എൽ.എ യുമായ വി.എസ് അച്ചുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ജലസേചന വകുപ്പ് പ്രതിദിനം വിതരണം ചെയ്യുന്ന 96 ദശലക്ഷം ലിറ്റർ ജലത്തിൽ നിന്നും 10 ദശലക്ഷം ലിറ്റർ കിൻഫ്രയ്ക്ക് വിതരണം ചെയ്യാൻ ഉത്തരവായിരുന്നു. എന്നാൽ പ്രദേശത്ത് വരൾച്ച രൂക്ഷമായതിനാലാണ് കൃഷി-കുടിവെളള ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനിച്ചത്.
മലമ്പുഴയിൽ രണ്ടാം വിള കൃഷിയിറക്കിയിരിക്കുകയാണെന്നും നിലവിലെ സ്ഥിതിയിൽ വിളവെടുപ്പ് സമയത്ത് ജല ലഭ്യത ഉറപ്പാക്കാനാകില്ലെന്നും വി.എസ്. അച്ചുതാനന്ദൻ എം.എൽ.എ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. ക്രിറ്റിക്കൽ സോണിലുൾപ്പെട്ട മലമ്പുഴയിലെ വിവിധ പഞ്ചായത്തുകളിലും ആദിവാസി പ്രദേശങ്ങളായ ആനക്കൽ, കവ എന്നിവിടങ്ങളിലും കുടിവെളള ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 75 കോടിയുടെ മലമ്പുഴ കുടിവെളള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുടിവെളളാവശ്യത്തിന് ജലം തികയാതെ വരുമ്പോൾ വ്യാവസായികാവശ്യങ്ങൾക്ക് ജലവിതരണം നടത്തരുതെന്നും കർഷകരുടേയും പ്രദേശവാസികളുടേയും ആശങ്ക പരിഹരിക്കണമെന്നും വി.എസ്.അച്ചുതാനന്ദൻ ആവശ്യപ്പെട്ടു.