സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് ഭൂമി പരിവർത്തനം ചെയ്യുന്നതിന് 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളിൽനിന്ന് ഒഴിവ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം വില്ലേജിൽ ഗെയിൽ എസ്.വി. സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ പുത്തൂർ വില്ലേജിൽ ഗെയിൽ എസ്.വി. സ്റ്റേഷൻ, മലപ്പുറം ജില്ലയിലെ കോഡൂർ വില്ലേജിൽ ഗെയിൽ എസ്.വി. സ്റ്റേഷൻ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വില്ലേജിൽ ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വില്ലേജിൽ ടെക്‌നോപാർക്ക് എന്നീ പദ്ധതികൾക്കാണ് 2017-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ഓർഡിനൻസ് പത്താം വകുപ്പ് പ്രകാരം നെൽവയൽ തരം മാറ്റുന്നതിന് ഇളവ് നൽകുന്നത്. ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം ഉചിതമായ ജലസംരക്ഷണ നടപടികൾ സ്വീകരിച്ചുകൊണ്ടാവണം ഭൂമി പരിവർത്തനം ചെയ്യേണ്ടത്. ഇളവ് അനുവദിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീർണ്ണം 20.2 ആറിൽ കൂടുതലാണെങ്കിൽ അതിന്റെ 10 ശതമാനം ജലസംരക്ഷണത്തിന് നീക്കിവെക്കേണ്ടതാണ്.

സാമൂഹ്യനീതി വകുപ്പിന്റെ ‘സ്‌നേഹപൂർവ്വം’ പദ്ധതിയിൽ സർക്കാർ മേഖലയിലെ ഐ.ടി.ഐ, പോളിടെക്‌നിക് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കൂടി ഉൾപെടുത്താൻ തീരുമാനിച്ചു. വിവിധ സാഹചര്യങ്ങളാൽ ജീവിതം വഴിമുട്ടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനാണ് സ്‌നേഹപൂർവ്വം പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് കുട്ടികൾക്ക് വിവിധ തോതിൽ പ്രതിമാസ ധനസഹായം നൽകുന്നുണ്ട്. പോളിടെക്‌നിക,് ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് പ്രതിമാസം 750 രൂപ വീതം ലഭിക്കും.

ഹയർ സെക്കന്ററി ഡയറക്ടർ സൂധീർബാബുവിന് പ്രവേശനപരീക്ഷാ കമ്മീഷണറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
എസ്.സി-എസ്.ടി, വനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വേണുവിന് ആർക്കൈവ്‌സ,് ആർക്കിയോളജി, മ്യൂസിയം എന്നീ വകുപ്പുകളുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടറായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.ജി. തോമസിനെ ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.

തളിപ്പറമ്പ് താലൂക്കിൽ മൊറാഴ വില്ലേജിൽ കിൻഫ്രയ്ക്ക് പാട്ടത്തിന് നൽകിയിരുന്ന 3.77 ഹെക്ടർ ഭൂമി പാട്ടം റദ്ദാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിക്ക് 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ട്രാവൻകൂർ ഷൂഗേഴ്‌സിൽ നിന്ന് ഏറ്റെടുത്ത 3.88 ഹെക്ടർ ഭൂമി സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയ്ക്ക് ക്യാമ്പസ് സ്ഥാപിക്കുന്നതിന് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

ഓഖി ദുരിതാശ്വാസത്തിന് സംഭാവന

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ.(എം) എം.എൽ.എ മാർ ഏഴു ലക്ഷത്തി ഇരുപതിനായിരം രൂപ (7,20,000) സംഭാവന നൽകി.

കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് എഞ്ചിനീയേഴ്‌സ് അസോസിയേഷൻ രണ്ടു ലക്ഷം രൂപ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.