സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ കേരളം മുന്നിൽ നടന്നതിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ശ്രദ്ധേയ പങ്കുണ്ടെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒറ്റപ്പാലം സി എസ് എൻ ഓഡിറ്റോറിയത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മദ്ധ്യമേഖലാ സംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ലഭിക്കുന്നതിനാൽ സംസ്‌കാരം എന്നത് കലർപ്പുളളതാണ്. വൈവിധ്യപൂർണ്ണമായ സാംസ്‌കാരിക സമന്വയം നിലനിൽക്കുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇതിൽ കേരളമാണ് മുന്നിൽ.
സാംസ്‌കാരിക ഫാസിസത്തെ നേരിടാൻ ജനാധിപത്യ സംവിധാനങ്ങളെ ശക്തമാക്കുക മാത്രമാണ് വഴി. വായനയിലൂടെ ഉൾക്കൊള്ളുന്നതനുസരിച്ച് വ്യാഖ്യാനിക്കാൻകഴിയുന്ന മഹത്വമുള്ളതാണ് ഭാരത ദർശനമെന്നും സ്പീക്കർ പറഞ്ഞു. ലൈബ്രറി കൌൺസിൽ വാർത്താപത്രിക പ്രകാശനവും സ്പീക്കർ ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ കെ വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌റ് ടി കെ നാരായണദാസ്, ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരി, ലൈബ്രറി കൗൺസിൽ ജനറൽസെക്രട്ടറി അഡ്വ പി അപ്പുക്കുട്ടൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ സുധാകരൻ, ഇ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഫെബ്രുവരി 11-ന് സാംസ്‌കാരികോത്സവം സമാപിക്കും.