ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന(പിഎംജിഎസ്‌വൈ) പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽപ്പെടുത്തി സംസ്ഥാനത്ത് 2500 കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് അനുമതി നൽകണമെന്നു തദ്ദേശ – സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. പട്ടിക ജാതി, പട്ടിക വർഗ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾക്കായി പിഎംജിഎസ്‌വൈ മാനദണ്ഡങ്ങളിൽ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം വിളിച്ചു ചേർത്ത സംസ്ഥാന ഗ്രാമ വികസന, തദ്ദേശ ഭരണ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറിന് നിവേദനം നൽകി. പിഎംജിഎസ്‌വൈ പദ്ധതിയുടെ രണ്ടു ഘട്ടങ്ങളിലായി 3042 കിലോമീറ്റർ റോഡ് കേരളത്തിൽ നിർമിച്ചതായി കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. 1253 റോഡുകളാണ് പദ്ധതി പ്രകാരം നിർമിച്ചത്. രണ്ടു ഘട്ടങ്ങളിലായി3798.26 കിലോ മീറ്റർ റോഡാണു കേരളത്തിലേക്ക് അനുവദിച്ചത്. ഇതിൽ 755.692 കിലോമീറ്റർ ഇനി പൂർത്തിയാകാനുണ്ട്. നടപ്പു സാമ്പത്തിക വർഷം 401 കിലോ മീറ്ററിന്റെ നിർമാണം പൂർത്തിയാകും. പിഎംജിഎസ്‌വൈ പദ്ധതിയിൽപ്പെടുത്തി രാജ്യത്ത് 647635 കിലോമീറ്റർ റോഡുകൾ ആണ് ഇതിനോടകം അനുവദിച്ചത്. ഇതിൽ 3798 കിലോ മീറ്റർ മാത്രമേ കേരളത്തിന് നൽകിയിട്ടുള്ളൂ. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറവാണിത്. ഇതു മുൻനിർത്തി കൂടുതൽ ഗ്രാമീണ റോഡ് പദ്ധതികൾക്ക് അംഗീകാരം നൽകാൻ കേന്ദ്രം തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 245 പഞ്ചായത്തുകൾ വന മേഖലയിലാണ്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ കൂടുതലായുള്ള ഈ പഞ്ചായത്തുകളിൽ പലതിലും ഇപ്പോഴും ഗതാഗത സംവിധാനങ്ങളില്ല. നിലവിൽ 500 എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് പിഎംജിഎസ്‌വൈ പദ്ധതി പ്രകാരമുള്ള റോഡുകൾ നൽകുമെന്നാണു കേന്ദ്ര മാനദണ്ഡം. മൂന്നാം ഘട്ടത്തിൽ ഇത് 250 കുടുംബങ്ങൾ എന്ന രീതിയിൽ പരിഷ്‌കരിക്കണമെന്നും അതുവഴി കൂടുതൽ മേഖലകളിലേക്ക് റോഡ് സൗകര്യം എത്തിക്കാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിഎംജിഎസ്‌വൈ റോഡുകൾക്ക് കുറഞ്ഞത് എട്ടു മീറ്റർ വീതിയുണ്ടായിരിക്കണമെന്ന മാനദണ്ഡം കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറു മീറ്ററായി കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.