ജില്ലയിലെ ശക്തികുളങ്ങര, നീണ്ടകര ഫിഷിംഗ് ഹാര്‍ബറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒക്‌ടോബര്‍ 25 ന് ഉച്ചയ്ക്ക് 12 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ താത്കാലിക അനുമതി നല്‍കി ജില്ലാ കലക്ര്‍ ഉത്തരവായി.
ശക്തികളുങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന മുഴുവന്‍ യാനങ്ങളും മത്സ്യത്തൊഴിലാളികളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത ഒരു മത്സ്യബന്ധന യാനത്തേയും മത്സ്യത്തൊഴിലാളികളെയും കടലില്‍ പോകുവാന്‍ അനുവദിക്കില്ല. ജാഗ്രതാ പോര്‍ട്ടലില്‍ മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണം. ഒറ്റ, ഇരട്ട അക്ക നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിച്ച് മാത്രമേ ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്നും നിശ്ചിത ദിവസങ്ങളില്‍ യാനങ്ങളെ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ അനുവദിക്കൂ. നിലവില്‍ കടലില്‍ കിടക്കുന്ന യാനങ്ങളുടെ ഉടമകള്‍ അക്കാര്യം രേഖാമൂലം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവന കൊല്ലം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍/ഫിഷറീസ്    ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. നീണ്ടകര പോര്‍ട്ട് വാര്‍ഫില്‍ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രത്തില്‍ നിന്നും പുതുതായി പാസ് വാങ്ങി മാത്രമേ രണ്ട് ഹാര്‍ബറുകളില്‍ നിന്നും യാനങ്ങളെ പുറപ്പെടുവാന്‍ അനുവദിക്കൂ.