കോവിഡിനെത്തുടര്‍ന്നുണ്ടായ ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം മത്സ്യഫെഡിന്‍റെ വൈക്കം പാലാക്കരി ഫിഷ്ഫാം നാളെ(ഒക്ടോബര്‍ 24) സന്ദര്‍ശകര്‍ക്കായി തുറക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് രോഗപ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം അനുവദിക്കുക.

ചൂണ്ടയിട്ടും സ്പീഡ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും സഞ്ചരിച്ച് കായലിന്‍റെ ഭംഗി ആസ്വദിച്ചും വേമ്പനാട്ട് കായലിലെ മത്സ്യവിഭവങ്ങളുടെ രുചിയറിഞ്ഞും ഒരു ദിവസം ചിലവഴിക്കാന്‍ ആകര്‍ഷകമായ പാക്കേജുകളുമായാണ് ഫാം പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

കായല്‍ യാത്രയ്ക്കു പുറമെ 117 ഏക്കര്‍ വിസ്തൃതിയുള്ള കിടക്കുന്ന ഫാമിലെ കാഴ്ചകളും ആകര്‍ഷകമാണ്. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ മാത്രം കോവിഡ് കാലത്തിന് മുന്‍പ് ധാരാളം പേര്‍ ഇവിടെ എത്തിയിരുന്നു. പ്രവേശന കവാടത്തില്‍നിന്നും ഫാമിലേക്ക് സൈക്കിളില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൈക്കിളുകള്‍ ഇരുപതു രൂപ വാടകയ്ക്ക് ലഭിക്കും.

നടപ്പാതയുടെ ഇരുവശങ്ങളിലും ഇരിപ്പിടങ്ങളുണ്ട്. വാച്ച് ടവര്‍, കുട്ടികളുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക്, കെട്ടുവള്ളത്തിനുള്ളില്‍ പഴയകാല മത്സ്യബന്ധന ഉപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയും ഇവിടെയുണ്ട്.

ഫാമിലെ എല്ലാ സംവിധാനങ്ങളും ആസ്വദിക്കുന്നതിന് ഒരാള്‍ക്ക് 400 രൂപയുടെ കോംബിനേഷന്‍ പാക്കേജാണ് ഇപ്പോഴുള്ളത്. സ്പീഡ് ബോട്ട് യാത്ര വേണ്ടെങ്കില്‍ 350 രൂപയുടെ പാക്കേജ് തിരഞ്ഞെടുക്കാം. 1200 രൂപയ്ക്ക് തരംഗിണി എന്ന സ്പെഷല്‍ പാക്കേജുമുണ്ട്. രാവിലെ 9.30 മുതല്‍ 6.30 വരെയാണ് പ്രവേശനം അനുവദിക്കുക.

ഒരേ സമയം ഇരുപത് പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സന്ദര്‍ശകര്‍ പത്ത് വയസിനും 65 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. ബുക്കിംഗിന്
9497031280, 9526041200,9400993314 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.