സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 
വലിയ പരിഗണന നല്‍കിവരുന്നു: മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് നല്‍കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുന്നു.
കെട്ടിടങ്ങളുടെ കെട്ടിലും മട്ടിലും വരുന്ന മാറ്റമല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്. കലാലയങ്ങളില്‍ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ അറിവ്, യുക്തിബോധം, മാനവികത ഇതൊക്കെയാണ് അതിന്റെ അളവുകോല്‍. കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 700 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 42 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 48 പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വേദികൂടിയായിരുന്നു ഇത്.
ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ തലങ്ങളില്‍ 20,000 പുതിയ സീറ്റുകളുടെ വര്‍ധനയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് കെട്ടിടം ഉദ്ഘാടനത്തിന് രാജുഎബ്രാഹം എംഎല്‍എ നിലവിളക്ക് കൊളുത്തുന്നു. ആന്റോ ആന്റണി എം.പി സമീപം
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാഫലം രാജുഎബ്രാഹം എംഎല്‍എ അനാച്ഛാദനം ചെയ്യുന്നു. ആന്റോ ആന്റണി എം.പി സമീപം.