മലപ്പുറം: ശരണ്യ സ്വയം തൊഴില്‍ വായ്പ പദ്ധതിയില്‍ ജില്ലയില്‍ 560 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് 2.8 കോടി രൂപ അനുവദിക്കും. എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സമിതിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. 50,000 രൂപ വീതമാണ് വായ്പ നല്‍കുക. ഇതില്‍ 50 ശതമാനം സബ്‌സിഡിയാണ്. ബാക്കി 25,000 രൂപ തിരിച്ചടച്ചാല്‍ മതി.
വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, 30 വയസുകഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതിയാണ് ശരണ്യ സ്വയം തൊഴില്‍ പദ്ധതി. പദ്ധതിക്കായി അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്രൊജക്ട് പരിശോധിച്ചാണ് വായ്പ തുക അനുവദിക്കുന്നത്.
തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ ആറ് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ.
യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, കുടുംബശ്രീ ഡി.പി.എം കെ.ടി ജിജു, സാമൂഹ്യനീതി ജൂനിയര്‍ സൂപ്രണ്ട് വി. സതിദേവി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.കെ മുജീബ്‌റഹ്മാന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ എം. രാധാകൃഷ്ണന്‍, കെ. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.