നമ്മുടെ നാട്ടില്‍ വ്യവസായം മെച്ചപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി പറഞ്ഞു. നിയമ വ്യവസ്ഥകള്‍ ലളിതമാക്കി വ്യവസായവത്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രാബല്യത്തില്‍ വരുത്തിയ ‘കേരള ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്-2017’ സംബന്ധിച്ച് അവബോധം നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം വ്യവസായ സംരംഭകര്‍ക്കായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
വ്യവസായികളെ എല്ലാ തരത്തിലും സഹായിക്കാനാണ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് അവര്‍ പറഞ്ഞു. വ്യവസായം തുടങ്ങാനായി വരുന്ന വ്യവസായികള്‍ക്ക് അംഗീകാരം നേടിക്കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. ഇതിനായി ഏകജാലക സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ശ്രമം. വ്യവസായികള്‍ക്ക് ഏറ്റവും അനുകൂലമായി തീരുമാനം നോക്കുകൂലിക്ക് എതിരായ തീരുമാനമാണ്. നോക്കൂകൂലി നീചമായ സംസ്കാരത്തിന്റെ ഭാഗമാണ്. ഇത് കണ്ണൂര്‍ ജില്ലയ്ക്ക് അന്യമാണെന്നത് ഈ നാടിന്റെ മേന്മയാണെന്നും എം.പി പറഞ്ഞു.
കേരളം വ്യവസായ സൗഹൃദമാണെന്ന പേര് നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് പറഞ്ഞു. ഇതിന് ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും കുറച്ചൂകൂടി സുതാര്യത വേണം. സര്‍ക്കാര്‍ ഓഫീസുകളിലെ നിഷേധ മനോഭാവം മാറണം. ചെറുകിട വ്യവസായ സംരംഭം ആരംഭിക്കാന്‍ വരുന്നവരെ ദ്രോഹിക്കരുത്. അടിസ്ഥാന സൗകര്യ വികസനമില്ലാതെ കണ്ണൂര്‍ ജില്ലയ്ക്ക് മുന്നോട്ടുപോകാനാവില്ല. നിലവിലെ റോഡിന്റെ ശേഷിയുടെ എട്ടിരട്ടി വാഹനങ്ങളാണ് കടന്നുപോവുന്നത്. ഈ യാഥാര്‍ഥ്യ ബോധമില്ലാതെ ഇടപെട്ടാല്‍ ഈ ജില്ല എങ്ങിനെ രക്ഷപ്പെടും. വിമാനത്താവളവും തുറമുഖവികസനവുമായി വികസനത്തിനുള്ള സുവര്‍ണാവസരമാണ് ജില്ലക്ക് ഇപ്പോഴെന്നും പ്രസിഡന്റ് പറഞ്ഞു.
2014-15 സാമ്പത്തിക വര്‍ഷത്തെ എം.എസ്.എം.ഇയുടെ ഏറ്റവും മികച്ച വ്യവസായ സംരംഭകനുള്ള അവാര്‍ഡ് ലഭിച്ച ജോസ് കാഞ്ഞമല, ഏറ്റവും മികച്ച വനിതാ വ്യവസായ സംരംഭകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച എം. താഹിറ, ഏറ്റവും മികച്ച പട്ടികജാതി/പട്ടികവര്‍ഗ വ്യവസായ സംരംഭകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കെ.പി. രമേശന്, 2016-17 വര്‍ഷത്തെ ജില്ലയിലെ ഏറ്റവും മികച്ച വ്യവസായ വികസന ഓഫീസര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച പി.വി. ജയപ്രകാശന്‍ എന്നിവര്‍ക്ക് എം.പി ഉപഹാരം സമ്മാനിച്ചു.
കോര്പറേഷന് കൗണ്‍സിലര്‍ ആര്. രഞ്ജിത്ത്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി. അബ്ദുല്‍ മജീദ്, കെ.എസ്.എസ്.ഐ.എ, കണ്ണൂര്‍ പ്രസിഡന്റ് ജോസഫ് പൈകട, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ. ത്രിവിക്രമന്‍, ആന്തൂര്‍ ഡവലപ്മെന്റ് പ്ലോട്ട് അസോസിയേഷന് പ്രസിഡന്റ് കെ.എസ്. അബ്ദുല്‍ സത്താര്‍ ഹാജി, സെക്രട്ടറി എന്‍.പി. പ്രശാന്ത്, ജില്ലാ വ്യവസായ കേന്ദ്രം രജിസ്ട്രാര്‍ സി.പി ഉണ്ണികൃഷ്ണന്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ സി. രമേശന്, ജി. ദിവ്യ, ജില്ലാ വ്യവസായ കേന്ദ്രം എ.ഡി.ഐ.ഒ കെ.വി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓര്‍ഡിനന്‍സ് സംബന്ധിച്ച് വിഷയാവതരണങ്ങളും ചര്‍ച്ചയും നടന്നു.