പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ അയൽക്കൂട്ടങ്ങളിൽ ഹെൽത്ത് ക്ലബ് തുടങ്ങുന്നു. ഇതിനുളള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന്് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസര ശുചിത്വം, രോഗപ്രതിരോധം, കുത്തിവെയ്പ്പുകളും ആശങ്കകളും എന്ന വിഷയത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടന്ന
ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആഴ്ചയിലും അയൽക്കൂട്ടങ്ങളിൽ അരമണിക്കൂർ വ്യായാമ പരിശീലനം നൽകും. കുടുംബങ്ങളിലെ മറ്റംഗങ്ങളെയും വ്യായാമ ശീലം ഉളളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ബ്ലോക്ക് പഞ്ചായത്തംഗം കെ. ആർ മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. ലീലാമ്മ ചാക്കോ,ഷിഹാബ് ഉസ്മാൻ, ജയകുമാരി, പിആർഡി അസി. എഡിറ്റർ ശ്രീകല കെ.ബി, സെക്രട്ടറി കെ.സി സുഭാഷ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പി എൻ വിദ്യാധരൻ ക്ലാസ്സെടുത്തു.