ആലപ്പുഴ: പ്രായമായവരില്‍ കോവിഡ് സങ്കീര്‍ണ്ണമാവുകയും മരണകാരണമാവുകയും ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് മൂലം മരിക്കുന്ന വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് സൂചന. ജില്ലയിലെ കോവിഡ് മരണങ്ങളില്‍ 87 ശതമാനവും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 15 ശതമാനവും വയോജനങ്ങളാണ്. പ്രായമായവരെ കോവിഡില്‍ നിന്നും സംരക്ഷിക്കേണ്ടത് വീട്ടിലെ മറ്റംഗങ്ങളുടെ ഉത്തരവാദിത്തമാണ്. പുറത്തുപോയി വീട്ടില്‍ തിരികെ എത്തുന്നവര്‍ കുളിച്ചു വൃത്തിയായശേഷം മാത്രം മുതിര്‍ന്നവരുമായി ഇടപെടുക. പനി, ജലദേഷം തുടങ്ങി ലക്ഷണങ്ങളുണ്ടായാല്‍ മുതിര്‍ന്നവരില്‍ നിന്നുമകന്ന് റൂം ക്വാറന്റയിന്‍ സ്വീകരിക്കുക.
പ്രായമായവര്‍ സന്ദര്‍ശകരെ ഒഴിവാക്കുക. പ്രായമായവര്‍ വീടിന് പുറത്തിറങ്ങുക, അയല്പക്കസന്ദര്ശനം, ബന്ധുഗൃഹ സന്ദര്‍ശനം, ചടങ്ങുകളില്‍ പങ്കെടുക്കുക എന്നിവയൊഴിവാക്കുക. സ്വയം മറ്റുള്ളവരില്‍ നിന്നുമൊഴിഞ്ഞുമാറി സുരക്ഷിതരാകുക. നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുക. സാധാരണയില്‍ നിന്നും വ്യത്യസ്തമായി എന്ത് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായാലും ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. വിശ്രമത്തിനും മാനസികോല്ലാസത്തിനും ഉതകുന്ന കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുക.