മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതികള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍

·മതപരമോ വംശീയമോ ജാതീയമോ സാമുദായികമോ ഭാഷാപരമോ ആയ വിദ്വേഷ പരാമര്‍ശങ്ങള്‍ കുറ്റകരമാണ്.ദൈവങ്ങളുടെയോ ആരാധനാ മൂര്‍ത്തികളുടെയോ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഡയറി, കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നത് ദൈവീകമായ പ്രീതിക്കോ/അപ്രീതിക്കോ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വോട്ട് തേടുകയോ വോട്ടു ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്.

രാഷ്ട്രീയ പര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ തെരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയാന്‍ പാടില്ല. എന്നാല്‍ വോട്ടെടുപ്പ്അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂര്‍ കാലയളവില്‍ പൊതുയോഗങ്ങള്‍ പാടില്ല.
സര്‍ക്കാര്‍ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരോ സ്ഥാ നാര്‍ത്ഥികളുടെ വിജയ സാധ്യതക്ക് തെരഞ്ഞെടുപ്പ് പോളിങ് ഏജന്റുമാരായോ പ്രവര്‍ത്തിക്കരുത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയോ വോട്ട് ചെയ്യുന്നതിനെ സ്വാധീനിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഏജന്റുമാരും വോട്ടിങിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കണം.

പോളിങ് ദിവസം പോളിങ് സ്‌റ്റേഷനിലോ  പരിസര പ്രദേശങ്ങളിലോ വോട്ട് പിടിക്കുകയോ പ്രചരണം നടത്തുകയോ ചെയ്യരുത്. വോട്ട് ചെയ്യാനെത്തുന്നവരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ പാടില്ല. പ്രിസൈഡിങ് ഓഫീസറുടെ നിയമാനുസൃത നിര്‍ദേശങ്ങള്‍ ലംഘിക്കരുത്.

തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.തെരഞ്ഞെടുപ്പിന്റെ ക്രമമായ നടത്തിപ്പിനെ തടസപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ കുറ്റകര മാണ്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയോ വോട്ട് ചെയ്യാന്‍ പോകുന്നതിന് തടസം നില്‍ക്കാനോ പാടില്ല.

നാമനിര്‍ദ്ദേശ പത്രികകള്‍, പോസ്റ്റല്‍ ബാലറ്റുകള്‍, വോട്ടിങ് യന്ത്രങ്ങള്‍ എന്നിവ വിരൂപമാക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്.വോട്ടര്‍മാരെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതില്‍ സ്വാധീനിക്കുകയോ, ഒരാള്‍ ഒന്നില്‍ കൂടുതല്‍ തവണ വോട്ട് രേഖപ്പെടുത്തുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്.
തെരഞ്ഞെടുപ്പ് കുറ്റങ്ങള്‍ നടത്തിയത് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട വരണാധികാരി/ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീഴ്ച കൂടാതെ അധികാരികളെ വിവരമറിയിക്കണം.