തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൈക്കം മുനിസിപ്പാലിറ്റി ഒഴികെ കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും കാന്‍ഡിഡേറ്റ് സെറ്റിംഗ് നടന്നു. വൈക്കം മുനിസിപ്പാലിറ്റിയിലേത് ഇന്ന് നടക്കും (ഡിസംബര്‍ 7).

ബ്ലോക്ക്, മുനിസിപ്പല്‍ തല വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിച്ച് സീല്‍ ചെയ്ത് വീണ്ടും സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തിലായിരുന്നു കാന്‍ഡിഡേറ്റ് സെറ്റിംഗ്.

വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് എച്ച്. എസ്.എസ്, കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് എച്ച്. എസ്.എസ്, അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്. എസ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഓഡിറ്റോറിയം, വെള്ളൂര്‍ ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെടുംകുന്നം ബൈ സെന്റിനറി മെമ്മോറിയല്‍ പാസ്റ്ററല്‍ സെന്റര്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്. എസ്.എസ്, മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് എച്ച്. എസ്.എസ്, ചങ്ങനാശേരി, കോട്ടയം, പാലാ മുനിസിപ്പല്‍ ഹാളുകള്‍, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂണിയര്‍ കോളേജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഗോള്‍ഡന്‍ ജൂബിലി ഹാള്‍ എന്നിവിടങ്ങളിലാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടന്നത്.

വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ ഒന്‍പതിന് വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതും ഈ കേന്ദ്രങ്ങളില്‍നിന്നാണ്.