എറണാകുളം: ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന
“എന്റെ വോട്ട് എന്റെ ഉത്തരവാദിത്വം”
ഇലക്ഷൻ 2020 പ്രചരണ പരിപാടി ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
കോവിഡ് 19 രോഗബാധയെത്തുടർന്ന് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പൊതു ജനങ്ങളിൽ ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുന്നതിനും പരമാവധി സമ്മതിദായകരെ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനുമായി കുടുംബശ്രീയുടെ അഗ്നി രംഗശ്രീ തിയറ്റർ തെരുവ് നാടക പ്രചരണമാണ് സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഫ്ലാഗ് ഓഫും കളക്ടർ നിർവഹിച്ചു.
സോഷ്യൽ മീഡിയയിലൂടെയും നമ്മുടെ ജില്ലയിലെ മുഴുവൻ വോട്ടർമാരിലും “എന്റെ വോട്ട് എന്റെ ഉത്തരവാദിത്വം” എന്ന സന്ദേശം എത്തിക്കുന്നതിന് ക്യാമ്പയിൻ ലക്ഷ്യമിടുന്നു. ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി എസ്. രഞ്ജിനി , അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ റജീന, വിജയം , ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി മണി, ജില്ലാ മിഷൻ ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. രംഗശ്രീ ടീമിലെ 5 പേർ ചേർന്നാണ് നാടകാവതരണം നടത്തുന്നത്. ഡിസംബർ 7, 8, 9 തിയതികളിലാണ് ജില്ലയിൽ പ്രചരണം നടക്കുന്നത്.